ന്യൂഡൽഹി: മുസ്ലിംകളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് ഡൽഹിയിലും ഹരിദ്വാറിലും 'ധർമ സൻസദ്' (മത പാർലമെന്റ്) സംഘടിപ്പിച്ചതിൽ കേന്ദ്രത്തിലെയും ഉത്തരാഖണ്ഡിലെയും സർക്കാറുകൾക്കും ഡൽഹി പൊലീസിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. അതേസമയം, ജനുവരി 26ന് അലീഗഢിൽ പ്രഖ്യാപിച്ച 'ധർമ സൻസദ്' തടയണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ധർമ സൻസദുകൾക്കെതിരെ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡൽഹിയിൽ യോഗി ആദിത്യനാഥിെൻറ ഹിന്ദു യുവവാഹിനിയും ഹരിദ്വാറിൽ യോഗി നരസിസംഗാനന്ദയും സംഘടിപ്പിച്ച ധർമ സൻസദുകൾക്കെതിരെ മുൻ പട്ന ഹൈകോടതി ജഡ്ജിയും മുതിർന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശും മുതിർന്ന മാധ്യമപ്രവർത്തകൻ ഖുർബാൻ അലിയും സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇവർക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത ഡൽഹിയിലെയും ഹരിദ്വാറിലെയും പ്രസംഗങ്ങൾ പകർത്തിയത് വായിച്ചുനോക്കാൻ ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്ലി എന്നിവരോടും ആവശ്യപ്പെട്ടു. വായിച്ച് വിഷയം വൈകാരികമാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിബൽ വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണത്തിനെതിരെ സുപ്രീംകോടതി വിധി ഉണ്ടെങ്കിലും ഒരു സമുദായത്തിനെതിരെ വംശീയ ആഹ്വാനം നടത്തുന്നത് രാജ്യത്തെ ഒരു കോടതിയും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു.
10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ നോട്ടീസ് അയക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകൾ കൂടി ഉണ്ടെങ്കിൽ അത് നോക്കുമെന്നും ചീഫ് ജസ്റ്റിസ് തുടർന്നു. എന്നാൽ, കേസ് അൽപം നേരത്തേ കേൾക്കണമെന്നും മെറ്റാരു 'ധർമ സൻസദ്' അലീഗഢിൽ ജനുവരി 26ന് സംഘടിപ്പിക്കുന്നുണ്ടെന്നും സിബൽ വാദിച്ചു. തിങ്കളാഴ്ച തന്നെ കേസ് വീണ്ടും പരിഗണിക്കണമെന്ന് സിബൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിരസിച്ചു. നടക്കാൻ പോകുന്ന 'ധർമസൻസദു'കൾക്കെതിരെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീംകോടതി ഇനിയും പരിഗണിക്കാത്ത സമാനമായ ഹരജികൾ ഒപ്പം കേൾക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ ഇതുപോലെ എത്ര ഹരജികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 'സുദർശൻ' ചാനലിെൻറ വിദ്വേഷ പ്രസംഗമുണ്ടെന്ന് അഡ്വ. രാജും ആൾക്കുട്ട ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഒരു സമുദായത്തിനെതിരെ വംശീയാക്രമണത്തിന് ആഹ്വാനം ചെയ്തതിനെതിരെ മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജിയുണ്ടെന്ന് ഇന്ദിര ജയ്സിങ്ങും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.