ഹരിയാനയിൽ മുഖ്യമന്ത്രിക്കും മറ്റ് ഏഴു പേർക്കുമെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ച വിമതരെ ബി.ജെ.പി പുറത്താക്കി

ചണ്ഡീഗഢ്: ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പി എട്ട് വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ മത്സരിക്കാനായി സ്വതന്ത്രരായി നാമനിർദേശ പത്രിക സമർപ്പിച്ചതിനെത്തുടർന്നാണ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആറു വർഷത്തേക്കാണ് സസ്​പെൻഷൻ.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച മുൻ മന്ത്രി രഞ്ജിത് ചൗട്ടാലയും പട്ടികയിലുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലിയുടെ പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിക്കെതിരെ ലാദ്‌വയിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച സന്ദീപ് ഗാർഗിനെയും പുറത്താക്കി.

അസാന്ദ് സീറ്റിൽ മത്സരിക്കുന്ന സൈൽ റാം ശർമ, സഫിദോയിൽ നിന്ന് മുൻ മന്ത്രി ബച്ചൻ സിങ് ആര്യ, മെഹാമിൽ നിന്ന് രാധ അഹ്ലാവത്, ഗുഡ്ഗാവിൽ നിന്ന് നവീൻ ഗോയൽ, ഹതിനിൽ നിന്ന് കെഹാർ സിങ് റാവത്ത്, മുൻ എം.എൽ.എ ദേവേന്ദ്ര കദ്യാൻ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ.

സ്വതന്ത്ര എം.എൽ.എയായി മത്സരിച്ച റാനിയയിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രഞ്ജിത് ചൗട്ടാല പാർട്ടി വിടാൻ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം ഹിസാറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കോൺഗ്രസിലും സമാന കലാപമുണ്ട്. ബി.ജെ.പിയുടെ മുൻ മന്ത്രി അനിൽ വിജിനെതിരെ അംബാല കന്റോൺമെന്റിൽ സ്വതന്ത്രയായി മത്സരിക്കുന്ന വിമത സ്ഥാനാർഥി ചിത്ര സർവാരയെ അടുത്തിടെ പുറത്താക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാനുള്ള തീരുമാനത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 13 നേതാക്കളെ കോൺഗ്രസ് വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ കഴിയാത്ത ഒരു പാർട്ടിക്ക് എങ്ങനെ സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാൻ കഴിയുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

''കോൺഗ്രസ് ഉള്ളിടത്ത് ഒരിക്കലും സ്ഥിരത ഉണ്ടാകില്ല, നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ കഴിയാത്ത പാർട്ടിക്ക് എങ്ങനെ സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാൻ കഴിയും? ആരു മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം നടക്കുന്നുണ്ട്.​''-പ്രധാനമന്ത്രി മോദി ഹിസാർ നഗരത്തിലെ ജൻ ആശിർവാദ് റാലിയിൽ പറഞ്ഞു.

10 വർഷമായി ബി.ജെ.പിയാണ് ഹരിയാന ഭരിക്കുന്നത്. അധികാരത്തിൽ ഹാട്രിക് തികക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 90 അംഗ ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ എട്ടിന് വോട്ടെണ്ണും.  

Tags:    
News Summary - Haryana BJP Expels Rebel Contesting Against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.