ഗുർമീത് റാം റഹീം സിങ്

ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകി ഹരിയാന സർക്കാർ

ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ 20 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഹരിയാന സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഈ മാസം ആദ്യവാരം ഗുർമീതിന് പരോൾ നൽകിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷ അനുവദിക്കുന്നത്. ഗുർമീതിന് ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് സർക്കാർ വാദം.

ദേരയുടെ ആസ്ഥാനമായ സിർസയിൽ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീതിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് 2017 ആഗസ്റ്റിൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളെ 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഈ മാസം ഏഴിനാണ് ഗുർമീത് പരോൾ ലഭിച്ച് പുറത്തിറങ്ങിയത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പരോൾ നൽകിയതെന്ന വിമർശനം അന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുർമീതിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാന്‍ സർക്കാർ തീരുമാനിച്ചത്.

ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് 12 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളുടെ സേവനമാണ് ലഭിക്കുന്നത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുർമീതിന്‍റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.

Tags:    
News Summary - Haryana govt gives Z-Plus secuirty to rape convict Dera chief Gurmeet Ram Rahim amid pro-Khalistani threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.