ചത്തിസ്ഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തിറക്കി. രണ്ട് മന്ത്രിമാരുൾപ്പെടെ ആറ് സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കി. കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിനെതിരെ ജുലാനയിൽ നിന്നുള്ള പാർട്ടി യുവ നേതാവ് യോഗേഷ് ബൈരാഗിയെയാണ് മൽസരിപ്പിക്കുക. ഭാരതീയ ജനതാ യുവമോർച്ച വൈസ് പ്രസിഡന്‍റും ബി.ജെ.പി ഹരിയാന സ്‌പോർട്‌സ് സെല്ലിന്റെ സഹ കൺവീനറുമാണ് യോഗേഷ് ബൈരാഗി. കായികതാരങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനിടെയാണ് ഗുസ്തിയിൽനിന്ന് രാഷ്ട്രീയത്തിലേക്കു കടന്ന വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേർന്ന് സ്ഥാനാർഥിയായത്.
90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതുവരെ 87 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ടാം പട്ടികയിൽ മുൻ മന്ത്രിമാരായ കൃഷൻ കുമാർ ബേദിയെയും മനീഷ് ഗ്രോവറിനെയും നർവാന, റോഹ്തക് സീറ്റുകളിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ അടുത്തയാളായി കണക്കാക്കുന്ന പവൻ സൈനിയെ നാരൈൻഗർ സീറ്റിൽ നിന്നും സത്പാൽ ജാംബയെ പുണ്ഡ്രിയിൽനിന്നും മത്സരിപ്പിക്കും. പാർട്ടിയുടെ പെഹോവ സ്ഥാനാർത്ഥി സർദാർ കമൽജീത് സിങ് അജ്രാനയെ പ്രാദേശിക നേതാക്കളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മാറ്റി. മുസ്‍ലിം നേതാക്കളായ നസീം അഹമ്മദ്, ഐസാസ് ഖാൻ എന്നിവർ ഫിറോസ്പൂർ ജിർക്കയിൽനിന്നും പുൻഹാനയിൽ നിന്നും മത്സരിക്കുന്നുണ്ട്.
സെപ്തംബർ 4ന് 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സിർസ പ്രസിഡന്‍റ് ആദിത്യ ദേവി ലാൽ രാജിവച്ച് ഇന്ത്യൻ നാഷണൽ ലോക്ദളിൽ ചേർന്നതിനെത്തുടർന്ന് സർദാർ ബൽദേവ് സിങ്ങിനെ ദബ്വാലിയിൽ നിന്ന് പാർട്ടി നോമിനിയായി നാമനിർദേശം ചെയ്തു.
മുൻ മന്ത്രി മനീഷ് ഗ്രോവർ വീണ്ടും റോഹ്തക്കിൽ മത്സരിക്കും. 2019ൽ ഇതേ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ ബിബി ബത്രയോട് രാജയപ്പെട്ടിരുന്നു. മഹേന്ദ്രഗഡ്, സിർസ, എൻ.ഐ.ടി ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.