ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്. ബലാത്സംഗക്കേസിൽ പ്രതിയായ ഗുർമീത് റാം റഹീം സിങ് തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. 20 ദിവസത്തേക്കാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലും ഇരട്ട ബലാത്സംഗക്കേസിലും പ്രതിയാണ് ഇയാൾ. ഹരിയാനയിൽ നിരവധി അനുയായികളുള്ള ഗുർമീതിന് തെരഞ്ഞെടുപ്പ് സമയത്ത് പരോൾ നൽകിയത് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന് ആരോപണമുയർന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ഗുർമീതിന് പരോൾ ലഭിച്ചിരുന്നു. നാലുവർഷത്തിനിടെ 15 തവണയാണ് ഗുർമീത് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
സിർസയിൽ വ്യാഴാഴ്ച നടന്ന പരിപാടിയിലായിരുന്നു ഗുർമീത് അനുയായികളോട് ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച രാത്രി സിർസയിലെ സംഘടനയുടെ ആസ്ഥാനത്ത് നടന്ന മതപരമായ സമ്മേളനത്തിനിടെ അയച്ച സന്ദേശമെന്ന നിലയിൽ നിശബ്ദമായ രീതിയിലാണ് പ്രഖ്യാപനം നടത്തിയത്. ഓരോ അനുയായിയും അവരുടെ കോളനിയിൽ താമസിക്കുന്ന അഞ്ച് വോട്ടർമാരെ കൂടെ കൂട്ടി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗുർമീത് ആഹ്വാനം ചെയ്തു. എന്നും ബി.ജെ.പിയോട് കൂറ് കാണിച്ചിട്ടുള്ള ആൾദൈവമാണ് ഗുർമീത്. അതിന് ഇടക്കിടെ ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യങ്ങളൊരുക്കി ബി.ജെ.പിയും പ്രത്യുപകാരം ചെയ്തു.
2014 മുതൽ ബി.ജെ.പിയാണ് ഹരിയാന ഭരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഇക്കുറി കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമാണ്. കർഷകരുടെ പ്രതിഷേധം തന്നെയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന വിഷയം. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന നിലപാടും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.