ഛണ്ഡിഗഢ്: ഹരിയാനയിൽ ഖലിസ്താനിയെന്ന് വിളിച്ച് സിഖ് യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേരാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഖാലിസ്താനിയെന്ന് വിളിച്ചതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ശിരോമണി ഗുരുദ്വാര പർബന്ദക്ക് കമിറ്റി, കോൺഗ്രസ്, ശിരോമണി അകാലി ദൾ എന്നിവരെല്ലാം സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കങ്കണയുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്ന് ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസ്താവനകളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് യുവാവിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ ക്രോസിങ്ങിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവം. റെയിൽവേ ഗേറ്റ് തുറന്ന് വാഹനങ്ങൾ പോകാൻ തുടങ്ങുന്നതിനിടെ യുവാക്കളും പരിക്കേറ്റയാളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഖലിസ്താനികൾ എന്നുവിളിച്ചാണ് ഒരു സംഘമാളുകൾ തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. അക്രമികൾ എത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കാണാൻ സാധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കേസിലെ പരാതിക്കാരനായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഖാലിസ്താനി എന്ന വിളിച്ചതിന് തെളിവില്ലെന്നും കെയ്താൽ സിവിൽ ലൈൻസ് പൊലീസ് ഇൻസ്പെക്ടർ ശീലാവതി പറഞ്ഞു. മെഡിക്കൽ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.