ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തി പരാമർശത്തെത്തുടർന്ന് നടി കസ്തൂരി അറസ്റ്റിൽ. തമിഴ്നാട് പൊലീസ് ഹൈദരാബാദിൽനിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയിരുന്നു.
തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി പറഞ്ഞത്. നടിയുടെ പരാമർശത്തെത്തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.
പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈകോടതി പറഞ്ഞത്. പ്രസംഗത്തിലെ വാക്കുകൾ സമൂഹത്തിന്റെ വികസനത്തിനുള്ളതാകണം, ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും മുൻകൂർജാമ്യ ഹർജി തള്ളിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു. തെലുങ്ക് സമുദായത്തിലെ സ്ത്രീകൾക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നതെന്ന് കോടതി ചോദിച്ചപ്പോൾ, പരാമർശം തെലുങ്ക് സമുദായത്തിലെ സ്ത്രീകൾക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമാണ് കസ്തൂരി വ്യക്തമാക്കിയത്.
ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പരിപാടിക്കിടെയായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തില്‍ താരം മാപ്പു പറഞ്ഞെങ്കിലും വിവാദമൊഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.