ഹത്രാസ് കൂട്ടബലാത്സംഗക്കേസ്: ഉത്തരവുണ്ടായിട്ടും യു.പി സര്‍ക്കാര്‍ പെൺകുട്ടിയുടെ കുടുംബത്തെ മാറ്റിപാർപ്പിച്ചില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്നോ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈകോടതി. 2022 ജൂലൈയില്‍ മാറ്റിപാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈകോടതി അറിയിച്ചു.ജസ്റ്റിസ് രാജന്‍ റോയ്, ജസ്പ്രീത് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്.ബി. പാണ്ഡെയ്ക്ക് കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബം ഭീഷണി നേരിടുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് കോടതിയുടെ നീക്കം.

പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും കുടുംബാംഗങ്ങള്‍ക്ക് കഴിയുന്നില്ല. പുറത്തിറങ്ങുന്ന പെണ്‍കുട്ടിയുടെ കുടുബാംഗങ്ങള്‍ക്ക് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി.

2020 സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. എതിർക്കാൻ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കെട്ടി വലിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കളുടെ അനുമതി പോലും ഇല്ലതെ അര്‍ധരാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കേസില്‍ പ്രതികളായ നാലുപേരിൽ മൂന്ന് പേരേയും പ്രത്യേക കോടതി തെളിവില്ലെന്ന കാരണം പറഞ്ഞ് 2023 മാര്‍ച്ചില്‍ വെറുതെ വിട്ടിരുന്നു. ഒരാളെ ജീവപര്യന്തം ശിക്ഷിച്ചു. അതേസമയം ബന്ധുക്കളുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും കോടതി ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Hathras gang-rape case: Allahabad High Court says UP government did not relocate girl's family despite order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.