കാവടി യാ​ത്ര: ഹരജി പരിഗണിക്കുന്നതിനിടെ കേരളത്തിലെ ഹോട്ടലിൽ പോയ അനുഭവം വിവരിച്ച് സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി: കാവടി യാത്രവഴിയിലെ ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിന്റെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെ കേരളത്തിലെ ഹോട്ടലിൽ പോയ അനുഭവം വിവരിച്ച് സുപ്രീംകോടതി ജഡ്ജി. കേരളത്തിൽ മുസ്‍ലിം ഉടമയുടെ വെജിറ്റേറിയൻ ഹോട്ടലിൽ പോയപ്പോഴുള്ള അനുഭവമാണ് ജഡ്ജി എസ്.വി.എൻ ഭാട്ടി വിവരിച്ചത്.

കേരളത്തിലെ ഏത് നഗരത്തിൽ താമസിക്കുമ്പോഴാണ് താൻ ഇത്തരത്തിൽ മുസ്‍ലിം ഉടമയുടെ വെജിറ്റേറിയൻ ഹോട്ടലിൽ പോയതെന്ന് ജഡ്ജി പറയുന്നില്ല. താൻ താമസിച്ചിരുന്ന സ്ഥലത്ത് ഹിന്ദുവും മുസ്‍ലിമും നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലുകളുണ്ടായിരുന്നു. താൻ സ്ഥിരമായി പോയിരുന്നത് മുസ്‍ലിം നടത്തുന്ന ഹോട്ടലിലായിരുന്നു. ദുബൈയിൽ നിന്നെത്തിയാണ് അയാൾ അവിടെ ഹോട്ടൽ നടത്തിയിരുന്നത്. ​വൃത്തിയിലും മറ്റും ഹോട്ടലിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ ഉടമ ശ്രദ്ധിച്ചിരുന്നു. ഏത് ഹോട്ടലിൽ പോവണമെന്നത് പൂർണമായും തന്റെ തെരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.​പി​യി​ലെ കാ​വ​ടി യാ​ത്രാ വ​ഴി​ക​ളി​ലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേ​ര് പ്ര​ദ​​ർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ ഉ​ത്ത​ര​വ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.പി.സി.ആർ നൽകിയ ഹരജിയിലായാണ് സുപ്രിംകോടതി നടപടി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ നോട്ടീസ് അയച്ചു. വിഷയം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മഹുവ മൊയ്ത്രയും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.

വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. മു​സ്‍ലിം​ക​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ഹി​റ്റ്ല​റു​ടെ നാ​സി ജ​ർ​മ​നി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നുമെല്ലാം വിമർശനമുയർന്നിരുന്നു. പാ​ർ​ല​മെന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇന്ന്, യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ എന്നിവർ നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Tags:    
News Summary - SC judge during Kanwar hearing: ‘Used to visit veg hotel run by a Muslim in Kerala’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.