നീറ്റ്: ഒരു ചോദ്യത്തിന് രണ്ട് ഉത്തരം; ഐ.ഐ.ടി പാനലിന്റെ അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജിയുടെ ഫിസിക്സ് പേപ്പറിലെ ഒരു ചോദ്യത്തിന് രണ്ട് ഉത്തരം ശരിയായി പരിഗണിച്ച സംഭവത്തിൽ ഡൽഹി ഐ.ഐ.ടിയുടെ സഹായം തേടി സുപ്രീംകോടതി. ശരിയുത്തരം കണ്ടെത്താൻ എക്സ്പേർട്ട് പാനൽ രൂപീകരിക്കാൻ കോടതി നിർദേശിച്ചു. സമിതി ചൊവ്വാഴ്ച ഉച്ചയോടെ അഭിപ്രായം വ്യക്തമാക്കണം. രണ്ട് ഓപ്ഷനുകൾ ശരിയായി പരിഗണിച്ചതോടെയാണ് 44 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതെന്ന് എൻ.ടി.എ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ചത് അംഗീകരിക്കാനാവില്ലെന്ന് 720ൽ 711 മാർക്ക് നേടിയ വിദ്യാർഥിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്‍.സി.ഇ.ആർ.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും വ്യത്യസ്ത ഉത്തരങ്ങളാണുള്ളത്. നെഗറ്റിവ് മാർക്ക് വരാതിരിക്കാൻ തന്‍റെ കക്ഷി ചോദ്യത്തിന് ഉത്തരം നൽകാതെ വിടുകയായിരുന്നു എന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ, ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അപ്ഡേറ്റ് ചെയ്ത വിവരമാണുള്ളതെന്നും പഴയത് ശരിയായി പരിഗണിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രണ്ട് ഓപ്ഷനുകളും ശരിയാവാനുള്ള സാധ്യതയുള്ളതിനാലാണ് അത്തരത്തിൽ മാർക്ക് നൽകിയതെന്ന് എൻ.ടി.എക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. സഹോദരങ്ങളുടെ പഴയ പുസ്തകം ഉപയോഗിച്ച് പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികളെ കൂടി പരിഗണിച്ചാണ് ഇത്തരത്തിൽ ചെയ്തതെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഏതെങ്കിലും ഒരു ഓപ്ഷൻ മാത്രം ശരിയെന്ന് കണക്കാക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി മൂന്ന് പേരടങ്ങിയ സബ്ജക്ട് എക്സ്പേർട്ട് പാനലിനെ തയാറാക്കാൻ ഐ.ഐ.ടിക്ക് നിർദേശം നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.