ഹാഥറസിൽ ഒരുതരത്തിലുള്ള അതിക്രമവും ഉണ്ടായിട്ടില്ല; സംഭവം കെട്ടിച്ചമച്ചതെന്ന്​ ബി.ജെ.പി എം.പി

റായ്പൂർ: രാജ്യത്തെ നടുക്കിയ ഹാഥറസ്​ കൂട്ട ബലാത്സംഗക്കൊല കെട്ടിച്ചമച്ച സംഭവമാാണെന്ന്​ ബി.ജെ.പി എം.പി. ഛത്തീസ്ഗഡിലെ കങ്കർ മണ്ഡലത്തിൽ നിന്നുള്ള എം.പി മോഹൻ മണ്ഡവിയാണ്​ ഹാഥറസിൽ ഒരു തരത്തിലുള്ള അതിക്രമവും നടന്നില്ലെന്നും സംഭവം കെട്ടിച്ചമച്ചതാണെന്നും വിവാദ പ്രസ്​താവന നടത്തിയത്​. ഛത്തീസ്ഗഡിലെ ധനോറ മേഖലയിൽ കൂട്ട ബലാത്സംഗത്തിനിരയായ ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എം.പിയുടെ വിവാദ പ്രസ്താവന.

''ഹാഥറസിലെ സംഭവം കെട്ടിച്ചമച്ചതാണ് അവിടെ യാതൊരു അതിക്രമവും നടന്നിട്ടില്ല. ഒന്നും സംഭവിക്കാത്ത ഒരിടത്താണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ സന്ദർശനം നടത്തുന്നത്. ഇവിടെ ഒര​ു സി.ബി.ഐ അന്വേഷണം നടത്തിയാൽ ഓരോ നാലോ അഞ്ചോ ഗ്രാമങ്ങളിലും ഇത്തരം സംഭവങ്ങൾ കണ്ടെത്താനാകും. എന്തുകൊണ്ടാണ് അവർ ആദിവാസികൾക്കിടയിൽ ഇങ്ങനൊരു സംഭവം നടന്ന ബസ്തറിലേക്ക് വരാത്തത്?''-എന്നായിരുന്നു

മണ്ഡവിയുടെ പ്രസ്​താവന. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ഇവിടെ ആദിവാസി വിഭാഗങ്ങൾക്ക് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളാരും ഇവിടേക്ക് വരാത്തത്? അപ്പോഴെന്തിനാണ് അവർ ഒളിച്ചിരിക്കുന്നത് ? ആദിവാസി വിഭാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരൊക്കെ എവിടെപ്പോയി?

ബസ്തർ മേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വളരെ കൂടുതലാണ്​. ഇവിടുത്തെ സർക്കാർ ഉറങ്ങുകയാണ്. കെട്ടിച്ചമച്ച സംഭവമായിട്ട്​ പോലും അവർ ഹാഥറസിലേക്ക് പോകുന്നു. എന്നാൽ എം‌.എൽ.‌എമാരും സംസ്ഥാനത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ഇവിടെ നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധകൊടുക്കകിന്നില്ല.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജി വെക്കുകയാണ് വേണ്ടതെന്നും എം.പി പറഞ്ഞു.

അതേസമയം മോഹൻ മണ്ഡവിയുടെ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹത്രാസ് സംഭവത്തിൽ ബി.ജെ.പിക്കാരുടെ മനസ്ഥിതി എന്താണെന്നാണ് എം.പിയുടെ വാക്കുകളി‍ൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വക്താവ് ധനഞ്ജയ് സിങ്​ ഥാക്കുർ പ്രതികരിച്ചു. വോട്ടു കിട്ടുന്ന പ്രദേശങ്ങളിലെ സംഭവങ്ങൾക്ക് മാത്രമാണ് ബി.ജെ.പി നേതാക്കള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ഈ പ്രസ്താവനകളിൽ നിന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.