ന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം അട്ടിമറിക്കാനുള്ള പൊലീസ് ശ്രമം വെളിച്ചത്തുകൊണ്ടുവന്ന ഡോക്ടറെ പുറത്താക്കിയ നടപടിക്കെതിരെ സഹപ്രവർത്തകരുടെ പ്രതിഷേധം.
പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലീഗഢ് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അസീമടക്കം രണ്ടുപേരെ പുറത്താക്കിയ നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ആശുപത്രിയുടെ ചുമതലുള്ള അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലർക്ക് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 16നാണ് ഡോ. അസീം ആദ്യ പ്രതികാര നടപടിക്ക് ഇരയാകുന്നത്. ചീഫ് മെഡിക്കൽ ഓഫിസർ പദവിയിൽനിന്നും മാറ്റി. ഇതിനുപിന്നാലെ ഒക്ടോബർ 20 മുതൽ ആശുപത്രിയിലെ കരാർ അവസാനിച്ചതായുള്ള നോട്ടീസ് ഡോ. അസീമിനും സഹപ്രവർത്തകനായ ഡോ. ഉബൈദ് ഇംതിയാസിനും നൽകുകയായിരുന്നു. ഹാഥറസ് കേസ് അേന്വഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ അധികൃതർ നടപടി എടുത്തിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ പുറത്താക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്ന് അലീഗഢ് മെഡിക്കൽ കോളജ് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയഷൻ പ്രസിഡൻറ് മുഹമ്മദ് ഹംസ മാലിഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഖാശിഫ് എന്നിവർ വ്യക്തമാക്കി.
കഴുത്തിനേറ്റ പരിക്കുമൂലമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും മൃതദേഹത്തില്‍ പുരുഷ ബീജത്തിെൻറ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നും വരുത്തിതീർക്കാനുള്ള പൊലീസ് ശ്രമമാണ് ഡോ. അസീം വെളിച്ചത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.