ഗുവാഹതി: അസം ജാതീയ പരിഷത്തുമായുള്ള സഖ്യം ഒഴിവാക്കിയെന്ന് റായ്‌ജോര്‍ ദള്‍ അധ്യക്ഷനും സി.എ.എ വിരുദ്ധ സമരനായകനുമായ അഖില്‍ ഗോഗോയി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ സഖ്യത്തിലല്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് തന്നെ ഞങ്ങള്‍ സഖ്യം വേര്‍പ്പെടുത്തി. പ്രതിപക്ഷത്തിന് ഒരു ഏകീകൃത വേദി ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ സഖ്യം ഒഴിവാക്കിയത് -എം.എല്‍.എ കൂടിയായ അഖില്‍ ഗോഗോയി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ ഭാഗമായി പിറവിയെടുത്ത രണ്ട് പാര്‍ട്ടികളാണ് അഖില്‍ ഗോഗോയിയുടെ റായ്‌ജോര്‍ ദളും ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ലുറിന്‍ജ്യോതി ഗോഗോയി നയിച്ച അസം ജാതീയ പരിഷതും.
സഖ്യം വേര്‍പെടുത്തിയതായി തെരഞ്ഞെടുപ്പ് സമയത്ത് ഇരുകക്ഷികളും പ്രഖ്യാപിച്ചില്ലെങ്കിലും, തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ധാരണയിലെത്താന്‍ കഴിയാതായത്. 126 സീറ്റുകളില്‍ എ.ജെ.പി 83ല്‍ മത്സരിച്ചപ്പോള്‍ റായ്‌ജോര്‍ ദള്‍ 38 സീറ്റിലാണ് മത്സരിച്ചത്. അതേസമയം, 16 സീറ്റില്‍ രണ്ട് കക്ഷികളും സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇത് സി.എ.എ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമായിരുന്നു.
എ.ജെ.പിക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. ജയിലില്‍ കിടന്ന് മത്സരിച്ച അഖില്‍ ഗോഗോയി വിജയിച്ചിരുന്നു.
'തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. ബി.ജെ.പിയും ബി.ജെ.പി വിരുദ്ധരും മതിയെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ഐക്യ മുന്നണി തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് ഞങ്ങളെ വഞ്ചിച്ചു. അതിന് പിന്നാലെയാണ് എ.ജെ.പിയുമായുള്ള സഖ്യം ഞങ്ങള്‍ ഒഴിവാക്കിയത്' -ഗോഗോയി പറഞ്ഞു.
നീണ്ട നാള്‍ ജയില്‍വാസത്തിന് ശേഷം ജൂലൈ ഒന്നിനാണ് അഖില്‍ ഗോഗോയി പുറത്തിറങ്ങിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാക്കുന്നതിന് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നത്. എന്‍.ഐ.എക്ക് കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഗോഗോയിയെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.