ന്യൂഡൽഹി: പൊതുജന നന്മക്ക് നമ്മൾ തിരഞ്ഞെടുത്ത വഴിക്കായി ജയിലിൽ പോകാനും തയാറാകണമെന്ന് പ്രവർത്തകരോട് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ച കെജ്‌രിവാള്‍ നേരിട്ട് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസംഗം.
നമ്മൾ ഒരു സമരത്തെ അഭിമുഖീകരിക്കുകയാണ്. പക്ഷേ നമ്മൾ സങ്കടപ്പെടേണ്ട കാര്യമില്ല. നമ്മുടെ ഹീറോകളായ അഞ്ച് നേതാക്കൾ ഇന്ന് ജയിലിലാണ്. നമ്മൾ അവരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നവരാണ്. ഞാൻ അഭിഭാഷകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് -കെജ്‌രിവാള്‍ വ്യക്തമാക്കി.
ഈ 10 വർഷത്തിനുള്ളിൽ രാജ്യത്തെ 1,350 രാഷ്ട്രീയ പാർട്ടികളിൽ മൂന്നാം സ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി ഉയർന്നു. നമ്മൾ വിജയിച്ചില്ലെങ്കിൽ, നല്ലതൊന്നും ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി നേതാക്കളാരും ജയിലിൽ പോകില്ലായിരുന്നു -പാർട്ടിയുടെ 12-ാമത് ദേശീയ കൗൺസിൽ യോഗത്തിൽ കെജ്‌രിവാള്‍ പറഞ്ഞു.
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയാൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകിയാൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. നമ്മൾ പൊതുജന നന്മക്കായി തിരഞ്ഞെടുത്ത വഴികൾക്ക് ചിലപ്പോൾ ജയിലിൽ പോകേണ്ടിവരുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.