‘താങ്കൾക്ക് കാലികൾ ഉണ്ടോ?’ -ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖിനോട് ഹൈകോടതി

മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കളക്കടുത്ത ഉമിക്കൽ മലയിലെ പരശുരാമ തീം പാർക്കിന് എതിരെ ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിഖ് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളി. കാലികൾക്ക് മേയാനുള്ള (ഗോമാല) ഭൂമി പാർക്കാക്കുന്നതിന് എതിരെയുള്ള ഹരജിയുടെ വാദത്തിനിടെ "അങ്ങേക്ക് കന്നുകാലി ഉണ്ടോ?" എന്ന് കോടതി ആരാഞ്ഞു.

പ്രദേശത്ത് നിന്ന് ആരും പരാതി ഉന്നയിക്കാത്ത വിഷയത്തിൽ ഗ്രാമീണർക്ക് വേണ്ടി പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത് റിമോട്ട് കൺട്രോൾ നീക്കമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വറലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഗോമാല ഭൂമിയാണെന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരനായിട്ടുമില്ല.

ബി.ജെ.പി നേതാവ് കാർക്കള എം.എൽ.എ വി. സുനിൽകുമാർ മന്ത്രിയായിരിക്കെ കൊണ്ടു വന്ന സ്വപ്ന പദ്ധതിയായ പരശുരാമ തീം പാർക്ക് നിർമാണം പൂർത്തിയാവുന്ന ഘട്ടത്തിലാണ്. 10 കോടി രൂപ ചെലവിൽ കർണാടക വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ഒരുക്കിയത്. സമുദ്ര നിരപ്പിൽനിന്ന് 450 അടി ഉയരത്തിലുള്ള മലയിൽ നിർമിക്കുന്ന പാർക്കിൽ മ്യൂസിയം, 500 ഇരിപ്പിടം, റസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. 50 അടിയാണ് പാർക്കിൽ സ്ഥാപിച്ച പരശുരാമ പ്രതിമയുടെ ഉയരം.

നിർമ്മാണ സാമഗ്രികൾ ഗുണനിലവാരം കുറഞ്ഞതാണെന്ന് ഹരജിയിൽ ആരോപണമുണ്ട്. 8.71 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്. വി. സുനിൽകുമാറിന് എതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്ത് വന്ന പ്രമോദ് മുത്തലിഖ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാർക്കള മണ്ഡലത്തിൽ മത്സരിച്ചിരുന്നു. 77,028 വോട്ടുകൾ നേടി സുനിൽ കുമാർ വിജയം ആവർത്തിച്ചപ്പോൾ 72,426 വോട്ടുകൾ ലഭിച്ച കോൺഗ്രസിലെ ഉദയ ഷെട്ടി മുനിയൽ ആയിരുന്നു രണ്ടാം സ്ഥാനത്ത്. മണ്ഡലം പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ച പ്രമോദ് മുത്തലിഖ് 4508 വോട്ടുകൾ മാത്രം കിട്ടി കെട്ടിവെച്ച പണം നഷ്ടപ്പെടുത്തി.

Tags:    
News Summary - HC Dismisses Pramod Muthalik's Plea On Parshurama Theme Park On Gomala Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.