63കാരിയെ സൈക്കിൾ ഇടിച്ചതിന് പത്ത് വയസുകാരനെതിരെയുള്ള കേസ് റദ്ദാക്കി ഹൈകോടതി

മുംബൈ: സൈക്കിൾ ഇടിച്ച് 63കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പത്തുവയസുകാരനെതിരെ പൊലീസ് എടുത്ത കേസ് മുംബൈ ഹൈകോടതി റദ്ദാക്കി. ജഡ രേവതി മൊഹിതെ ദെരെ, എസ്.എം മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.

പൊലീസിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി സർക്കാറിനോട് കുട്ടിക്കും മാതാവ് ആകാൻക്ഷ ത്യാഗി കേൽക്കറിനും 25000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈ പണം ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

കുട്ടിക്കെതിരെ കേസ് എടുക്കാൻ സബ് ഇൻസ്പെക്ടർക്ക് നിർദേശം നൽകിയ അസിസ്റ്റന്‍റ് പൊലീസ് കമീഷണർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും പൊലീസ് രേഖകളിൽ നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്.

മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. ഗോറെഗാവിലെ ഒരു ഹൈ -റൈസ് സൊസൈറ്റിയിൽ സീരിയൽ നടി സിമ്രാൻ സച്ച്ദേവിന്റെ അമ്മയെയാണ് കുട്ടി സൈക്കിൾ കൊണ്ട് ഇടിച്ചത്. തുടർന്ന് നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പത്തുവ‍യസുകാരനെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മതാപിതാക്കൾക്കെതിരെ നടപടിയെടുക്കണം എന്ന് മാത്രമായിരുന്നു താൻ ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു നടിയുടെ വിശദീകരണം.

ഹൈകോടതി വിധി തങ്ങൾക്കുള്ള ദീപാവലി സമ്മാനമാണെന്നും അധികാരം ദുരുപയോഗം ചെയ്തതിന് കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.  

News Summary - HC quashes case against 10-year-old boy who accidentally crashed bicycle into an old woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.