ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന്റെയും ഡൽഹി സർക്കാറിന്റെയും അഭിപ്രായം തേടി ഡൽഹി ഹൈക്കോടതി. കർഷകർക്ക് എതിരായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
ജനുവരി 29നാണ് ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകരുടെ ക്യാമ്പുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പൊലീസിൻറെ കൂടി സഹായത്തോടെയാണ് കർഷകരെ ക്രൂരമായി ആക്രമിച്ചതെന്ന് ഹരജിയിൽ പറയുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും ഹരജിക്കാർ പറയുന്നു.
സി.ബി.ഐ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം നടത്തുന്നതിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിപ്രായം കോടതി തേടിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ആറുമാസം പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കർഷകർ രാജ്യവ്യാപകമായി കരിദിനാചരണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.