ബംഗളൂരു: ബി.ജെ.പിയുമായി കൈകോർത്തിന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവെച്ച മുസ്‌ലിം നേതാക്കൾ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്ത് മുസ്‌ലിം വിഭാഗം പ്രതിസന്ധി നേരിടുമ്പോൾ താൻ മാത്രമായിരുന്നു അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഉണ്ടായിരുന്നതെന്നും എന്നാൽ ഇന്ന് അവർ തനിക്കും പാർട്ടിക്കുമെതിരെ തിരിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എനിക്ക് ഈ നേതാക്കളോട് ചോദിക്കാനുള്ളത് അവർ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തുവെന്നാണ്. അവർ സഖ്യത്തെ പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള കാരണമാക്കുകയാണ്. ഈ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന് 4ശതമാനം റിസർവേഷൻ എച്ച്.ഡി ദേവഗൗഡ ഒരുക്കിയിരുന്നു. എപ്പോഴൊക്കെ ഈ വിഭാഗക്കാർക്കെതിരെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ, അന്ന് കോൺഗ്രസ് പോലും ശബ്ദിക്കാതിരുന്ന കാലത്ത് താൻ മാത്രമാണ് അവർക്ക് വേണ്ടി പ്രവർത്തിച്ചത്. എന്നിട്ട് തിരിച്ച് അവർ എന്താണ് തന്നത്? ഞാൻ ശക്തനായി വളർന്നില്ലെങ്കിൽ എനിക്ക് എങ്ങനെയാണ് ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനാവുക? അവരുടെ വിഭാഗത്തെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നിനും പ്രസ്തുത വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിട്ടില്ല" - എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
ബി.ജെ.പിയുമായി ജെ.ഡി.എസ് കൈകോർത്തതിന് പിന്നാലെ സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെ നിരവിധി പേർ ജെ.ഡി.എസിൽ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുമായി ജെ.ഡി.എസ് കൈകോർത്തതിനാൽ സഖ്യം അവസാനിക്കുന്നത് വരെ പാർട്ടിയിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സയ്യിദ് ഷാഫിയുള്ള സാഹിബ് പറഞ്ഞു. പല മുസ്‌ലിം നേതാക്കളും വിഷയത്തിൽ അതൃപ്തരാണ്. ഒരു സെക്യുലർ പാർട്ടിയായിരിക്കെ ഇത്തരമൊരു സഖ്യത്തെ അംഗീകരിക്കാനാകില്ലെന്നും മുസ്ലിങ്ങൾക്ക് പുറമെ പല സെക്യുലർ ഹിന്ദുക്കളും വിഷയത്തിൽ അതൃപ്തരാണെന്നും ഷാഫിയുള്ള കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന് പുറമെ മുൻ മന്ത്രി എൻ.എം. നബി, ന്യൂഡൽഹി ഘടകം മുൻ വക്താവ് മോഹിദ് അൽതാഫ്, യൂത്ത് വിങ് പ്രസിഡന്‍റ് എൻ.എം നൂർ, മുൻ ന്യൂനപക്ഷ കാര്യ മേധാവി നാസിർ ഹുസൈൻ ഉസ്താദ് എന്നിവരാണ് രാജിപ്രഖ്യാപിച്ചത്. കോൺഗ്രസിന് ബദലെന്ന വ്യാജേന മുസ്‌ലിം വോട്ടുകൾ നേടി നിലനിന്നിരുന്ന പാർട്ടിക്ക് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നാണ് സൂചന.
അതേസമയം കോൺഗ്രസിന്‍റെ അഴിമതി ഭരണമാണ് ബി.ജെ.പിയുമായുള്ള സഖ്യത്തിലേക്ക് നയിച്ചതെന്നും ജനങ്ങളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും എച്ച്. ഡി കുമാരസ്വാമി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.