ഇംഫാൽ: മണിപ്പൂരിൽ പട്ടാപ്പകൽ ജനക്കൂട്ടം ക്രൂരമായി മാനഭംഗപ്പെടുത്തിയവരിലൊരാൾ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. യുവതികളെ നഗ്നരായി നടത്തിക്കുന്നതിനുമുമ്പ് ആയിരത്തോളം പേരടങ്ങുന്ന മെയ്തേയ് ജനക്കൂട്ടം കുക്കി വിഭാഗത്തിന്റെ വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. മേയ് നാലിനും 15നുമിടയിൽ നിരവധി അക്രമസംഭവങ്ങൾ നടന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
കാർഗിൽ യുദ്ധത്തിലും ഇന്ത്യൻ സമാധാനസേനയുടെ ഭാഗമായി ശ്രീലങ്കയിലും സൈനിക സേവനമനുഷ്ഠിച്ച തനിക്ക് അക്രമികളിൽനിന്ന് ഭാര്യയെയും ഗ്രാമവാസികളെയും രക്ഷപ്പെടുത്താനായില്ലെന്ന് അസം റെജിമെന്റിൽനിന്ന് സുബേദാറായി വിരമിച്ച സൈനികൻ ഹിന്ദി വാർത്ത ചാനലിനോട് പറഞ്ഞു. മേയ് നാലിന് പ്രദേശത്തെ നിരവധി വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം കത്തിച്ചു. തുടർന്നാണ് ഭാര്യയടക്കമുള്ളവരെ നഗ്നരായി നടത്തിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും സൈനികൻ പറഞ്ഞു.
സ്ത്രീകളെ നഗ്നരായി നടത്തിക്കുന്നതിനുമുമ്പ് കാങ്പോക്പി ജില്ലയിലെ കുക്കി ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികൾ വ്യാപക അതിക്രമം നടത്തിയതായി ജൂൺ 21ന് സൈകുൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. യന്ത്രത്തോക്കുകൾ അടക്കം അത്യാധുനിക ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു.
വീടുകളിൽനിന്ന് പണവും ഗൃഹോപകരണങ്ങളും ഭക്ഷ്യധാന്യങ്ങളുമടക്കം കൊള്ളയടിച്ചു. ഇവരിൽനിന്ന് രക്ഷപ്പെടാനാണ് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം വനമേഖലയിലേക്ക് ഓടിയത്. പൊലീസ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയെങ്കിലും അക്രമികൾ തട്ടിക്കൊണ്ടുപോയി സ്ത്രീകളെ നഗ്നരായി നടത്തിക്കുകയായിരുന്നു. എതിർത്ത രണ്ട് പുരുഷന്മാരെയും കൊലപ്പെടുത്തി.
അതേദിവസംതന്നെ 22 വയസ്സുള്ള നഴ്സിങ് വിദ്യാർഥിനികളായ കുക്കി യുവതിയെയും സുഹൃത്തിനെയും 40ഓളം പേരടങ്ങുന്ന ജനക്കൂട്ടം അപമാനിച്ചതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. മേയ് അഞ്ചിന് 20കാരായ രണ്ട് യുവതികളെ കാങ്പോക്പി ജില്ലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മേയ് 15ന് ഇംഫാലിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ 18കാരിയെ മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്.
അതിനിടെ, സംഭവത്തെക്കുറിച്ച് ജൂൺ 12ന് പരാതി നൽകിയിട്ടും വനിതാ കമീഷൻ നടപടിയെടുത്തില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷനാണ് ഇരകളുമായി സംസാരിച്ചശേഷം വനിതാ കമീഷന് പരാതി നൽകിയത്. എന്നാൽ കമീഷനിൽനിന്ന് മറുപടിയൊന്നും ലഭിച്ചില്ല. എന്നാൽ, ജൂണിൽ മണിപ്പൂരിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടത്തിന് അയച്ചിരുന്നതായും വനിത കമീഷൻ ചെയർപേഴ്സൻ രേഖാ ശർമ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.