ബി.എസ്. യെദിയൂരപ്പ (പി.ടി.ഐ ചിത്രം)

‘അദ്ദേഹം സാധാരണക്കാരനല്ല, മുൻ മുഖ്യമന്ത്രിയാണ്’: പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ കോടതിയുടെ ‘ന്യായ’മിങ്ങനെ

ബംഗളൂരു: ‘നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്, ആവശ്യമെങ്കിൽ യെദിയൂരപ്പയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യും’ -വ്യാഴാഴ്ച യെദിയൂരപ്പക്കെതിരെ അറസ്റ്റ് വാറന്‍റ് വരുന്നതിനു മുൻപ് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞ വാക്കുകളാണിത്. പിന്നാലെ കർണാടകയിലെ അതിവേഗ കോടതി യെദിയൂരപ്പയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകി വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച ജാമ്യമില്ലാ വാറന്‍റ് തടഞ്ഞുകൊണ്ട്, യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ ഹൈകോടതി ജഡ്ജി വാദത്തിനിടെ പറഞ്ഞ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്.

“അദ്ദേഹം ഒരു സാധാരണക്കാരനല്ല. സംസ്ഥാനത്തിന്‍റെ മുൻ മുഖ്യമന്ത്രിയാണ്. വാദം കേൾക്കൽ തുടരുന്ന അടുത്ത തീയതി വരെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കരുത്. അദ്ദേഹം ഡൽഹിയിലാണ്. ജൂൺ 17ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാവുന്ന അവസ്ഥയിലല്ല” -യെദിയൂരപ്പയുടെ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എസ്. കൃഷ്ണ ദീക്ഷിത് പറഞ്ഞ വാക്കുകളാണിത്.

സാധാരണക്കാരനായ ഒരാൾ പോക്സോ കേസ് ചുമത്തപ്പെട്ടാൽ പിന്നീട് പുറംലോകം കാണുന്നത് ശിക്ഷാകാലാവധിക്കു ശേഷമാകും. അത്തരമൊരു സാഹചര്യത്തിലാണ് യെദിയൂരപ്പക്കെതിരെ നടപടി വേണ്ടെന്ന് സംസ്ഥാന ഹൈകോടതി നിർദേശിക്കുന്നത്. ഒപ്പം, ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്ന് യെദിയൂരപ്പയോടും കോടതി പറയുന്നു. കോടതി സ്വീകരിച്ച നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകഞ്ഞുതുടങ്ങി. പതിനേഴുകാരിക്കു നേരെ അതിക്രമം നടത്തിയ ഒരാളോട് സ്വീകരിക്കേണ്ട സമീപനമാണോ നീതിപീഠത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ പതിനേഴുകാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യെദിയൂരപ്പക്കെതിരെയുള്ള പരാതി. പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.

Tags:    
News Summary - ‘He is no Tom, Dick or Harry’: Karnataka HC Stays Yediyurappa's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.