ന്യൂഡൽഹി: അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം അദ്ദേഹത്തിന് വീട്ടിൽ പതാക ഉയർത്താമെന്നും ഖാർഗെ പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ ഉയർത്തിയത്. നിങ്ങളെ വിജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും ജനങ്ങളുടെ കൈകളിലാണ്, വോട്ടർമാരുടെ കൈകളിലാണ്. 2024ലും പതാക ഉയർത്തുമെന്ന് പറഞ്ഞത് അഹങ്കാരമാണ്. അടുത്ത വർഷവും അദ്ദേഹം പതാക ഉയർത്തും, അത് പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലായിരിക്കും -ഖാർഗെ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് വീണ്ടും അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഞങ്ങളുടെ സർക്കാർ ഇപ്പോൾ തറക്കല്ലിടുന്ന പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും. നിങ്ങൾ കുറിച്ച് വെച്ചോ, ഈ ദിനങ്ങളിൽ ഞാൻ ഇടുന്ന തറക്കല്ലിന് ഉദ്ഘാടനം നിർവഹിക്കുന്നതും എന്‍റെ നിയോഗമായിരിക്കും -പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടത്തുമെന്നും അടുത്ത വർഷം ചെങ്കോട്ടയിൽ വന്ന് നിന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.