കുന്താപുരയിലും ശിരോവസ്ത്ര നിരോധനം; വിദ്യാർഥിനികളെ കോളജ്​ ഗേറ്റിൽ തടഞ്ഞു

ബംഗളൂരു: കർണാടകയിൽ കൂടുതൽ വിദ്യാലയങ്ങളിൽ ശിരോവസ്ത്ര വിവാദം പുകയുന്നു​. ഉഡുപ്പി കുന്താപുര ഗവ. ജൂനിയർ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വ്യാഴാഴ്ച കാമ്പസിൽ പ്രവേശിപ്പിച്ചില്ല.

രാവിലെ വിദ്യാര്‍ഥിനികളെ കോളജ്​ പ്രവേശന കവാടത്തില്‍ പ്രിന്‍സിപ്പൽ ജി.ജെ. രാമകൃഷ്ണ തടയുകയായിരുന്നു. യൂനിഫോം അണിഞ്ഞുതന്നെ വിദ്യാർഥിനികൾ ക്ലാസിലെത്തണമെന്ന് പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടു. ശിരോവസ്ത്രം ഒഴിവാക്കിയ ശേഷം കോളജിൽ കയറിയാൽ മതിയെന്നു​ പ്രിൻസിപ്പൽ പറഞ്ഞതോടെ വിദ്യാർഥിനികൾ ക്ലാസ്​ അവസാനിക്കുന്നതുവരെ ആറുമണിക്കൂർ ഗേറ്റിന്​ പുറത്തുനിന്നു.

ബുധനാഴ്ച കോളജിൽ 100 വിദ്യാർഥികൾ കാവി ഷാള്‍ അണിഞ്ഞെത്തിയിരുന്നു. ഇവരെ കോളജില്‍ തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജയ് ശ്രീറാം മുഴക്കി പ്രതിഷേധിച്ചിരുന്നു. എല്ലാ വിദ്യാർഥികളും സ്കൂൾ യൂനിഫോം മാത്രമേ ധരിക്കാവൂ എന്നും ശിരോവസ്ത്രമടക്കം സ്കൂളിൽ അനുവദിക്കില്ലെന്നും കോളജ്​ വികസന സമിതിയംഗം കൂടിയായ കുന്താപുര ബി.ജെ.പി എം.എൽ.എ ഹാലഡി ശ്രീനിവാസ ഷെട്ടി വ്യക്തമാക്കി.

കഴിഞ്ഞദിവസം ശിവമൊഗ്ഗ ഭദ്രാവതിസർ എംവി. ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജിലും ചിക്കമഗളൂരു കൊപ്പയിലെ ബലഗാഡി ഫസ്റ്റ്​ ഗ്രേഡ്​ കോളജിലും മുസ്​ലിം വിദ്യാർഥിനികൾ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ്​ കാമ്പസിലെത്തിയിരുന്നു.

വിദ്യാർഥികൾ സ്കൂളിലേക്ക്​ ശിരോവസ്​ത്രമോ കാവി ഷാളോ ധരിച്ചു വരേണ്ടതില്ലെന്ന്​ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വിദ്യാർഥികൾ ഒന്നിച്ചു പഠിക്കുന്ന വിദ്യാലയത്തിൽ മതപരമായ കാര്യങ്ങൾ പ്രവർത്തിക്കാൻ ആരും വരേണ്ടതില്ല. എല്ലാ മതത്തിലുമുള്ള കുട്ടികൾ പരസ്​പരം മനസ്സിലാക്കേണ്ട സ്ഥലമാണ്​ വിദ്യാലയങ്ങൾ. എല്ലാ കുട്ടികളും ഭാരതമാതാവിന്‍റെ മക്കളാണ്​. ഭാരതമാതാവിന്‍റെ കുട്ടികളായാണ്​ അവർ സ്കൂളിലേക്ക്​ വരേണ്ടത്​.

സ്കൂൾ മാനേജ്​മെന്‍റ്​ കമ്മിറ്റിയുടെ നിർദേശം അവർ പാലിക്കണം. ആരാധനകൾക്കും മതപരമായ കാര്യങ്ങൾ ചെയ്യാനും പള്ളിയും ചർച്ചും അമ്പലങ്ങളുമുണ്ട്​. ഈ വിഷയത്തിൽ ചില മതസംഘടനകൾ രാജ്യത്തിന്‍റെ അഖണ്ഡതക്ക്​ കോട്ടം വരുത്താൻ ശ്രമിക്കുന്നത്​ സംബന്ധിച്ച്​ അന്വേഷിക്കാൻ പൊലീസിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Tags:    
News Summary - Headscarf banned in Kundapura too; students were stopped at college gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.