കോവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം; ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യമന്ത്രി

അംബാല: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. കോവിഡ് വാക്സിൻ്റെ പരീക്ഷണ ഡോസ് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. അംബാല കൻ്റോൺമെൻ്റിലെ സിവിൽ ആശുപത്രിയിൽ വെച്ചാണ് 67കാരനായ മന്ത്രി വാക്സിൻ സ്വീകരിച്ചത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) സഹകരണത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിക്കുന്നത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നു,

മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിന് താൻ സന്നദ്ധനാണെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് നൽകൽ വിജയകരമായിരുന്നെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ. കുൽദീപ് സിങ് പറഞ്ഞു. മന്ത്രിയെ പി.ജി.ഐ റോത്തക്കിലെയും ആരോഗ്യ വകുപ്പിലെയും മുതിർന്ന ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്. പ്രമേഹരോഗിയായ അദ്ദേഹം അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കാര്യങ്ങൾ വിജയകരമായി നീങ്ങിയാൽ അടുത്ത വർഷമാദ്യം രാജ്യത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ഇന്ത്യയിലെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലായി 26,000 സന്നദ്ധ പ്രവർത്തകർ പങ്കാളികളാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.