ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് (എച്ച്.എൽ.എൽ-ലൈഫ് കെയർ ലിമിറ്റഡ്) സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ കമ്മിറ്റി തീരുമാനമെടുത്തതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിൽ വ്യക്തമാക്കി.
സ്ഥാപനത്തിെൻറ ആസ്തി വിവര ശേഖരണത്തിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷിനെ മന്ത്രി അറിയിച്ചു. ഇതോടെ, കമ്പനിയുടെ കൈവശമുള്ള കോടികളുടെ പൊതുമുതലും കോർപറേറ്റുകളുടെ കൈവശം എത്തിച്ചേരുമെന്ന് ഉറപ്പായി. കേന്ദ്ര സർക്കാറിെൻറ മിനി രത്ന വിഭാഗത്തിൽപെടുന്ന എച്ച്.എൽ.എൽ സ്വകാര്യ മേഖലയിലേക്ക് കൈമാറാൻ നീക്കം നടക്കുന്നതായി ‘മാധ്യമം’ ജൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു.
എച്ച്.എൽ.എൽ ലൈഫ് കെയറിനു കീഴിൽ എട്ട് കമ്പനികളാണ് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഗർഭനിരോധന ഉറകൾ, ബന്ധപ്പെട്ട വസ്തുക്കൾ, ഹോർമോൺ അടങ്ങിയതും അല്ലാത്തതുമായ ഗുളികകൾ എന്നിവ നിർമിക്കുന്ന ലോകത്തിലെതന്നെ ഏക കമ്പനിയാണ് മാതൃസ്ഥാപനമായ ലൈഫ് കെയർ ലിമിറ്റഡ്.എച്ച്.എൽ.എൽ ലൈഫ്െകയർ 2015-16 52.15 കോടി രൂപയാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറിയത്.
26 വർഷമായി തുടർച്ചയായി ലാഭത്തിലുമാണ്. കേരളം വെറും രണ്ടു രൂപ പാട്ട നിരക്കിലാണ് എച്ച്.എൽ.എല്ലിന് 18.58 ഏക്കർ സ്ഥലം കൈമാറിയത്. എ. സമ്പത്ത് എം.പിയാണ് സ്വകാര്യവത്കരണ നീക്കം ആദ്യം പുറത്ത് കൊണ്ടുവന്നത്. എച്ച്.എൽ.എൽ സ്വകാര്യവത്കരിക്കുന്നതിനെതിരായി വൻ പ്രതിഷേധമാണ് നടക്കുന്നത്. രണ്ട് ഫാക്ടറികളും ഒരു രജിസ്ട്രേഡ് ഓഫിസും തിരുവനന്തപുരത്ത് സ്വന്തമായുള്ള കമ്പനിയെ ആശ്രയിച്ച് ആയിരത്തോളം തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ ഇവർക്ക് ജോലി നഷ്ടമാവുമെന്ന ആശങ്കയാണുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഏക പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എല്ലിെൻറ സ്വകാര്യവത്കരണ നടപടി നിർത്തിെവക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യെപ്പടുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.