ചെന്നൈ: നഗരത്തിലെ അയനാവരത്തെ സ്വകാര്യ അപ്പാർട്മെൻറിൽ ബാലികയെ പീഡിപ്പിച്ച കേസിൽ 18 പ്രതികൾ അറസ്റ്റിൽ. 300ഒാളം ഫ്ലാറ്റുകളുള്ള അപ്പാർട്മെൻറിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിലെ കേൾവിക്കുറവുള്ള പെൺകുട്ടിയെയാണ് ഏഴുമാസം തുടർച്ചയായി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ മൂത്ത സഹോദരിയോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് മാതാപിതാക്കളെ അറിയിച്ചശേഷം അയനാവരം മഹിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുട്ടിയെ കീഴ്പാക്കം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പാർട്മെൻറിലെ ലിഫ്റ്റ് ഒാപറേറ്റർ 66കാരനായ രവികുമാറാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ മറ്റു രണ്ട് സുഹൃത്തുക്കൾക്ക് കുട്ടിയെ കൈമാറി. അപ്പാർട്മെൻറിലെ 50ഒാളം വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇൗ വീടുകളിലും അപ്പാർട്മെൻറിെൻറ ബേസ്മെൻറ്, ടെറസ്, വാഷ്റൂമുകൾ, ജിം മുറി തുടങ്ങിയ ഇടങ്ങളിലുമായായിരുന്നു പീഡനം.
രവികുമാറിന് പുറമെ ലിഫ്റ്റ് ഒാപറേറ്റർമാരായ പരമശിവം (60), ദീനദയാളൻ(50), ശ്രീനിവാസൻ (45), ബാബു (36), സെക്യൂരിറ്റി ജീവനക്കാരായ അഭിഷേക് (23), സുകുമാരൻ (60), പ്രകാശ് (58), മുരുകേഷ് (54), പളനി (40), ഉമാപതി (42), പ്ലംബർമാരായ സുരേഷ് (32), ജയ്ഗണേഷ് (23), രാജ (32), സൂര്യ (23), ഇലക്ട്രീഷ്യന്മാരായ ജയരാമൻ (26), പൂന്തോട്ട തൊഴിലാളി ഗുണശേഖർ (55), തൂപ്പുജോലിക്കാരനായ രാജശേഖർ (40) എന്നിവരാണ് പ്രതികൾ. പ്രതികളെന്ന് സംശയിക്കുന്ന ഏഴു പേർകൂടി കസ്റ്റഡിയിലുണ്ട്. പോക്സോ, വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജൂലൈ 31 വരെ റിമാൻഡ് ചെയ്തു.
പ്രതികൾക്ക് കോടതിവളപ്പിൽ മർദനം
ചെന്നൈ: 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് കോടതിവളപ്പിൽ മർദനം. ചൊവ്വാഴ്ച ഉച്ചക്കാണ് 18 പ്രതികളെയും മദ്രാസ് ഹൈകോടതി വളപ്പിലെ മഹിളാ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കാണാൻ അഭിഭാഷകരുൾപ്പെടെ വൻ ജനക്കൂട്ടമാണ് കോടതി വളപ്പിലെത്തിയത്. ജൂലൈ 31വരെ ചെന്നൈ പുഴൽ ജയിലിൽ റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റ് മഞ്ജുള ഉത്തരവിട്ടു. രണ്ടാംനിലയിലെ കോടതിമുറിയിൽനിന്ന് ഒന്നാംനിലയിലേക്ക് പ്രതികളെ ഇറക്കിക്കൊണ്ടുവരവെയാണ് പ്രതികൾക്ക് മർദനമേറ്റത്. ചവിട്ടും അടിയുമേറ്റ് പ്രതികൾ താെഴ വീണപ്പോഴും ആക്രമണം തുടർന്നു.
സാമൂഹികവിരുദ്ധരായ പ്രതികളെ ജീവനോടെ പുറത്തേക്ക് വിടരുതെന്ന് പറഞ്ഞായിരുന്നു മർദനം. കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ രക്ഷപ്പെടുത്തി വാനിൽ കയറ്റിക്കൊണ്ടുപോയത്. അതേസമയം, അറസ്റ്റിലായ പ്രതികൾക്കുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരാവില്ലെന്ന് മദ്രാസ് ഹൈകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് മോഹനകൃഷ്ണൻ അറിയിച്ചു. സൗജന്യ നിയമസഹായ വേദി മുഖേനയോ മറ്റോ ഹാജരാവുന്ന അഭിഭാഷകരെ തങ്ങളുടെ എതിർപ്പ് അറിയിക്കും. അതോടൊപ്പം ഇവരെ ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.