ന്യൂഡൽഹി: അലഹബാദ് ഹൈകോടതി പരിസരത്ത് നിന്നും വഖഫ് മസ്ജിദ് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടുള്ള 2017ലെ ഉത്തരവിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വഖഫ് ബോർഡിന്‍റെ ആവശ്യ പ്രകാരം ജസ്റ്റിസ് എം.ആർ ഷായും സി.ടി രവികുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കൽ മാർച്ച് 13ലേക്ക് മാറ്റിവെച്ചത്.
ഹൈകോടതി വിധിക്കെതിരെ 2018 ഡിസംബറിൽ മേൽകോടതിയെ വഖഫ് ബോർഡ് സമീപിക്കുകയും നിലവിലെ സ്ഥിതി തുടരാൻ ഉത്തരവ് നേടുകയും ചെയ്തിരുന്നു.
പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് ആദ്യം ചെറിയൊരു ഷെഡ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിന്നീട് വഖഫ് ബോർഡ് ഭൂമി ഏറ്റെടുത്ത് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ തന്നെ ഭൂമിയുടെ കൈവശാവകാശം വഖഫ് ബോർഡിനില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയവും കോടതിയുടെ അനുബന്ധ കെട്ടിടങ്ങളും നിർമിക്കുന്നതിനായി വഖഫ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി ആവശ്യമാണെന്ന് സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി ചൂണ്ടിക്കാട്ടുന്നത്.
അലഹബാദ് ഹൈകോടതിയുടെ പരിസരത്ത് അനധികൃതമായി കൈയേറിയ ഭൂമിയിൽ വഖഫ് മസ്ജിദ് നിർമിച്ചെന്നായിരുന്നു ആരോപണം. മതപരമായ കാര്യങ്ങൾ, ആരാധന നടത്തൽ, മതേതര സംഘടനകൾ, വ്യക്തികൾ തുടങ്ങിയവക്ക് കോടതി പരിസരം ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി, അത്തരം ഉപയോഗങ്ങൾ കോടതി പരിസരത്ത് നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന 2017ൽ രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.