representational image

വെന്തുരുകി ഉത്തരേന്ത്യ; വൈദ്യുതി പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: തീക്കാറ്റിലും കൊടുംചൂടിലും പൊള്ളി ഉത്തരേന്ത്യ. ഉഷ്ണതരംഗത്തിനിടയിലെ കൽക്കരിക്ഷാമം രാജ്യത്ത് ഊർജപ്രതിസന്ധിയും രൂക്ഷമാക്കി. നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ പവർകട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത ചൂട് വിളവെടുപ്പിനെ ബാധിച്ചതോടെ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി ആശങ്കയുമുയർന്നു. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്ന് താപനില റെക്കോഡ് ഭേദിച്ച കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മേയ് അഞ്ചു വരെ ഇതേനില തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹരിയാനയും ഡൽഹിയും പടിഞ്ഞാറൻ യു.പിയും മധ്യപ്രദേശും വെള്ളിയാഴ്ച കൊടുംചൂടിലമർന്നു. ഒരു വ്യാഴവട്ടത്തിനിടയിൽ ഏപ്രിലിലെ കനത്ത ചൂടാണ് ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഡൽഹിയുടെ പലഭാഗങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസിലെത്തി. സാധാരണഗതിയിൽ ഒരു മാസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് ഉണ്ടാകാറുള്ള ഡൽഹിയിലെ താപനിലയങ്ങൾക്ക് ഇത്തവണ ഒരു ദിവസത്തേക്കുള്ള ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏപ്രിൽ മാസത്തിലെ കൊടുംചൂടായ 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 122 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള മാർച്ച് മാസമാണ് ഇക്കുറി കടന്നുപോയത്.

രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊടുംതാപത്തിൽ വിളകൾക്ക് നാശം സംഭവിച്ചു തുടങ്ങി. മഹാരാഷ്ട്രയിൽ സൂര്യാതപ മരണമുണ്ടായി. 

Tags:    
News Summary - heavy heat in North India; power crisis is severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.