ന്യൂഡൽഹി/കോയമ്പത്തൂർ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹാദിയ കനത്ത സുരക്ഷയിൽ സേലത്തെത്തി. ചൊവ്വാഴ്ച രാവിലെ 11ന് കേരള ഹൗസിൽനിന്ന് പുറപ്പെട്ട ഹാദിയ ഉച്ചക്ക് 1.20ന് ഇൻഡിഗോ വിമാനത്തിലാണ് കോയമ്പത്തൂരിലേക്ക് തിരിച്ചത്. വിമാനത്താവളം വരെ ഡൽഹി പൊലീസ് കനത്ത സുരക്ഷ നൽകി. ഹാദിയ കേരള ഹൗസിൽനിന്ന് ഇറങ്ങി ഒരു മണിക്കൂറിനകം പിതാവ് അശോകനും മാതാവ് െപാന്നമ്മയും അഭിഭാഷകരുടെ കൂടെ നാട്ടിലേക്ക് തിരിച്ചു.
വൈകീട്ട് 4.20ന് കോയമ്പത്തൂരിൽവിമാനമിറങ്ങിയ ഹാദിയയെ തമിഴ്നാട് പൊലീസ് കനത്ത സുരക്ഷയിൽ റോഡുമാർഗം സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. ഹാദിയയെ വിമാനത്താവളത്തിലെ വി.വി.െഎ.പി കോറിഡോറിലൂടെ പുറത്തിറക്കിയാണ് പൊലീസ് വാനിൽ കയറ്റിയത്. മൂന്നര മണിയോടെതന്നെ കോയമ്പത്തൂർ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ വിമാനത്താവളത്തിലെത്തിയിരുന്നു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും നിരവധി മാധ്യമപ്രവർത്തകരും എത്തി. 4.30ന് ഹാദിയയുമായി പൊലീസ് വാൻ സേലത്തേക്ക് തിരിച്ചു.
ഡൽഹിയിൽനിന്ന് രണ്ടു വനിത പൊലീസുകാർ ഉൾപ്പെടെ നാലു കേരള പൊലീസ് ഉദ്യോഗസ്ഥരാണ് മഫ്തിയിൽ ഹാദിയയോടൊപ്പം ഉണ്ടായിരുന്നത്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിയുടെ വാഹനത്തിനു പിറകിലാണ് ഹാദിയ കയറിയ വാൻ സഞ്ചരിച്ചത്. ഇതിനു പിറകിൽ ഇൻസ്പെക്ടർ ശെൽവരാജിെൻറ നേതൃത്വത്തിൽ 20 അംഗ സായുധ പൊലീസ് സംഘം മൂന്നു വാനുകളിലായി അനുഗമിച്ചു. ഹാദിയയുമായി സംസാരിക്കുന്നത് ഒഴിവാക്കാൻ മാധ്യമപ്രവർത്തകരെ പൊലീസ് ബാരിക്കേഡുകളും കയറുകളും ഉപയോഗിച്ച് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.