റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. അദ്ദേഹത്തിന്റെ വിശ്വസ്തനും ഗതാഗത മന്ത്രിയുമായ ചംപായ് സോറൻ മുഖ്യമന്ത്രിയാകുമെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയും ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കുകയാണെന്ന് ഇ.ഡി വ്യക്തമാക്കിയതോടെയാണ് ഹേമന്ദ് സോറൻ ഗവർണറുടെ ഔദ്യോഗിക വസതിയിലെത്തി രാജി സമർപ്പിച്ചത്. ബുധനാഴ്ച കനത്ത സുരക്ഷയിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി സോറനെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചത്. സോറന് പിന്തുണ പ്രഖ്യാപിച്ച് ജെ.എം.എം- സഖ്യകക്ഷി എം.എൽ.എമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി.
മുഖ്യമന്ത്രിയുടെയും ഗവർണറുടെയും വസതി, ഇ.ഡി ഓഫിസ് പരിസരം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഡൽഹിയിലെ സോറന്റെ വീട്ടിൽ പരിശോധന നടത്തി അപമാനിച്ചുവെന്നാരോപിച്ച് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം റാഞ്ചിയിൽ കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും പിടിച്ചെടുത്തുവെന്ന് ഇ.ഡി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാൽ, പണവും കാറും തന്റേതല്ലെന്നാണ് സോറന്റെ വാദം. തെറ്റായ ആരോപണം ഉന്നയിച്ച് തന്നെയും കുടുംബത്തെയും സമുദായത്തെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോറൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചു. 31ന് റാഞ്ചിയിലെ വസതിയിൽ ചോദ്യം ചെയ്യലാകാമെന്ന് ഇ-മെയിലിൽ മറുപടി നൽകി.
27ന് രാത്രി അദ്ദേഹം റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിച്ചു. പിന്നാലെയാണ് ഇ.ഡി സംഘം ഡൽഹിയിലെ വസതിയിലെത്തിയത്. 13 മണിക്കൂറോളം കാത്തുനിന്നെങ്കിലും സോറൻ ഹാജരായില്ല. തുടർന്ന് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. റോഡ് മാർഗം റാഞ്ചിയിൽ തിരിച്ചെത്തിയ അദ്ദേഹം ചൊവ്വാഴ്ച എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.