15ാം വയസിൽ അവൾ തിരിച്ചറിഞ്ഞു, താനൊരു ആൺകുട്ടിയാണെന്ന്; ​എ.ഐ.എസ് എന്ന അപൂർവ്വ അവസ്​ഥയെന്ന്​ ഡോക്​ടർമാർ

പുനെ: 15 വയസായിട്ടും ആർത്തവം ആരംഭിക്കുന്നില്ല എന്ന പ്രശ്​നവുമായാണ്​ മഹാരാഷ്​ട്രയിലെ സത്താറ ജില്ലയിൽ നിന്നുള്ള ആ പെൺകുട്ടി പുനെയിലുള്ള ആശുപത്രിയിലെത്തുന്നത്​. ​േഡാക്​ടർമാർ നടത്തിയ പരിശോധനയിലാണ്​ ആ അപൂവ്വ രോഗാവസ്​ഥയെപറ്റിയുള്ള വിവരം ലഭിക്കുന്നത്​. 'ആൻഡ്രൊജെൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം' എന്ന അവസ്​ഥയിലൂടെയാണ്​ പെൺകുട്ടി കടന്നുപോകുന്നത്​. ലക്ഷത്തിൽ നാലുപേരെ മാത്രം ബാധിക്കുന്ന ഈ അവസ്​ഥയുള്ളവർക്ക്​ ആർത്തവം ഉണ്ടാവുകയില്ലെന്നും ഡോക്​ടർമാർ പറയുന്നു.


കുട്ടികളുടെ ജനനേന്ദ്രിയത്തി​േന്‍റയും പ്രത്യുത്പാദന അവയവങ്ങളുടെയും വികാസത്തെ ബാധിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം. ഇത്തരം അവസ്​ഥയിൽ ജനിച്ച കുട്ടി ജനിതകപരമായി പുരുഷനായിരിക്കും. പക്ഷേ അവരുടെ ജനനേന്ദ്രിയത്തിന്‍റെ ബാഹ്യരൂപം സ്ത്രീയുടേതോ സ്​ത്രീയും പുരുഷനും ഇടകലർന്നതോ ആയിരിക്കും. സത്താറയിലെ പെൺകുട്ടിയുടെ കാര്യത്തിൽ സ്​ത്രീയുമായാണ്​ അവൾക്ക്​ സാമ്യമുണ്ടായിരുന്നത്​. അണ്ഡാശയം ഇല്ലാത്തതിനാലാണ്​ ആർത്തവം ഉണ്ടാവാത്തതെന്നും ഡോക്​ടർമാർ പറയുന്നു.

പുനെ റൂബി ഹാൾ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റും എൻഡോസ്കോപ്പിക് സർജനുമായ ഡോ. മനീഷ് മച്ചാവെയുടെ നേതൃത്വത്തിലാണ്​ പെൺകുട്ടിയെ സഹായിക്കുന്നത്​. കുട്ടിയുടെ ആഗ്രഹപ്രകാരം അവളെ പെൺകുട്ടിയായി നിലനിർത്താനുള്ള വൈദ്യസഹായം നൽകുമെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

'അവളുടെ ശരീരത്തിൽ രണ്ട്​ വൃക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. ഇവയുടെ പ്രത്യേക സ്ഥാനം കാരണം അവൾക്ക് ഗോണഡോബ്ലാസ്റ്റോമ എന്ന അർബുദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഞങ്ങൾ ആദ്യം ലാപ്രോസ്കോപ്പിക് ഗോണഡെക്ടമി നടത്തുകയും ഏകദേശം മൂന്ന് മാസം മുമ്പ് ഇരുവശത്തുനിന്നും വൃഷണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അവൾക്ക് 18 വയസ്സ് തികഞ്ഞാൽ ഞങ്ങൾ ലാപ്രോസ്കോപ്പിക് വാഗിനോപ്ലാസ്റ്റി നടത്തും' -ഡോ. മനീഷ് മച്ചാവെ പറഞ്ഞു.

എ.ഐ.എസ്​ എന്ന ജനിതക തകരാർ

ജനിതക തകരാർ കാരണമാണ്​ എ.ഐ.എസ്​ ഉണ്ടാകുന്നത്. ശരീരം ടെസ്റ്റോസ്റ്റിറോണിനോട് (പുരുഷ ലൈംഗിക ഹോർമോൺ) ശരിയായി പ്രതികരിക്കാതിരിക്കുകയും പുരുഷ ലൈംഗികാവയവങ്ങളുടെ വികസനം സാധാരണപോലെ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. ഇതോടെ ലിംഗം രൂപം കൊള്ളാതിരിക്കുകയോ അവികസിതമായി തുടരുകയോ ചെയ്യും. അതിനാൽ കുട്ടിയുടെ ജനനേന്ദ്രിയം സ്ത്രീകളുടേതിന്​ തുല്യമായി കാണപ്പെടും. എന്നാലിവർക്ക്​ ഗർഭപാത്രമോ അണ്ഡാശയമോ ഉണ്ടാകില്ല. സെക്​സ്​, ജെൻഡർ എന്നിവ ഓരോ മനുഷ്യരിലും വ്യത്യസ്​ഥമായിരിക്കുമെന്നും ബാഹ്യാവസ്​ഥനോക്കി ഒരാളെ സ്​ത്രീയെന്നോ പുരുഷനെന്നോ വേർതിരിക്കാനാവില്ലെന്നുമുള്ളതിന്‍റെ തെളിവായാണ്​ ആക്​ടീവിസ്റ്റുകൾ എ.ഐ.എസിനെ കാണുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.