ഭോപാൽ: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മധ്യപ്രദേശിലെ രത്ലം നഗരത്തിലാണ് സംഭവം.
വധൂവരൻമാരും അടുത്ത ബന്ധുക്കളും പി.പി.ഇ കിറ്റ് ധരിച്ചാണ് വിവാഹപന്തലിൽ എത്തിയത്. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കുകയും ചെയ്തു.
വിവാഹദിവസത്തിന്‍റെ തലേദിവസമാണ് വരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു. അതിനാൽതന്നെ വിവാഹം മാറ്റിവെക്കാൻ ഇരുകൂട്ടരും തയാറായില്ല. മുൻകൂട്ടി നിശ്ചയിച്ച സമയത്തുതന്നെ വിവാഹം നടത്തി. പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു ചടങ്ങുകളെല്ലാം നടത്തിയതും.
'ഏപ്രിൽ 19ന് വരന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വിവാഹം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഞങ്ങൾ സ്ഥലത്തെത്തിയത്. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുവാദം നൽകുകയായിരുന്നു' -രത്ലം തഹസിൽദാൻ നവീൻ ഗാർഗ് പറഞ്ഞു. വധൂവരൻമാരും ബന്ധുക്കളും പി.പി.ഇ കിറ്റ് ധരിച്ചതിനാൽ രോഗം പടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാർഡിൽ പി.പി.ഇ കിറ്റ് ധരിച്ച് വധുവെത്തി വിവാഹം നടത്തിയത് വൻ വാർത്തയായിരുന്നു. കോവിഡ് പോസിറ്റീവായിരുന്ന വരന്‍റെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
മധ്യപ്രദേശിൽ ഞായറാഴ്ച 13,601 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 92 മരണവും സ്ഥിരീകരിച്ചു. ഇതുവരെ 4,99,304 കേസുകളാണ് മധ്യപ്രദേശിൽ സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.