ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് കോൺഗ്രസിലും യു.ഡി.എഫിലും ഉണ്ടായ പുതിയ സാഹചര്യങ്ങൾക്കിടയിൽ, കോൺഗ്രസ് ഹൈകമാൻഡ് ഡൽഹിയിൽ സംസ്ഥാന നേതാക്കളുമായി നടത്തുന്ന ചർച്ചകളിലേക്ക് മുസ്ലിം ലീഗ്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ഹൈകമാൻഡ് താൽപര്യപ്രകാരം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ബുധനാഴ്ച ഡൽഹിയിലെത്തും.
ഘടകകക്ഷി നേതാവുമായി കോൺഗ്രസ് ഹൈകമാൻഡ് ഡൽഹിയിൽ ഒൗപചാരിക ചർച്ച സമീപകാലത്തെങ്ങും നടത്തിയിട്ടില്ല. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് നേതൃത്വം ശ്രമിക്കുന്നത്. യു.ഡി.എഫ് കൺവീനർ ആരാകണം എന്നതിനൊപ്പം, കെ.എം. മാണിയെ യു.ഡി.എഫിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ചർച്ചയുടെ ഭാഗമാണ്. കുഞ്ഞാലിക്കുട്ടിയെ ചർച്ചയിൽ പെങ്കടുപ്പിക്കുന്നതിന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രത്യേക താൽപര്യമെടുത്തിരുന്നു.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും ബുധനാഴ്ച ഡൽഹിയിലെത്തും. മുതിർന്ന നേതാവ് എ.കെ. ആൻറണിയും പുതിയ കെ.പി.സി.സി പ്രസിഡൻറാകാൻ ഏറെ സാധ്യതയുള്ള മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിയിലുണ്ട്. രാഹുൽ ഗാന്ധി ബുധനാഴ്ച മധ്യപ്രദേശിൽ കർഷകറാലിയിൽ പെങ്കടുത്ത് വൈകീട്ട് തിരിച്ചെത്തുന്നതോടെ ഒൗപചാരിക ചർച്ച നടക്കും.
കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചുകൊണ്ടുവരണമെന്ന പ്രത്യേക താൽപര്യം ലീഗിനുണ്ട്. യു.ഡി.എഫ് കൺവീനർ മാറുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് ആരാകണമെന്ന കാര്യത്തിൽ പ്രധാന ഘടകകക്ഷിയായ ലീഗിെൻറ അഭിപ്രായം തേടുകയാണ് ഹൈകമാൻഡ് ചെയ്യുന്നത്. കെ. മുരളീധരൻ കൺവീനറാകുന്നതിൽ ലീഗിന് താൽപര്യമുണ്ട്. രമേശ് ചെന്നിത്തലയോട് നീരസം ബാക്കിയുള്ള മാണിക്കും കെ. മുരളീധരൻ സ്വീകാര്യനാണ്. എന്നാൽ, കോൺഗ്രസിൽ പൊതുസമ്മതനല്ല. സാമുദായിക സന്തുലനം മുൻനിർത്തി കെ.വി. തോമസ് അടക്കമുള്ള പേരുകളും പരിഗണിക്കുന്നുണ്ട്. കോൺഗ്രസിലെ പ്രശ്നങ്ങൾ യു.ഡി.എഫിെൻറ മൊത്തം പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതി ലീഗ് ഹൈകമാൻഡിനു മുന്നിൽ അവതരിപ്പിക്കുമെന്നാണ് വിവരം. രാജ്യസഭ സീറ്റ് വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമായി ലീഗ് ഉന്നയിക്കുമോ എന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.