ലഖ്നോ: കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലെ ദലിത് യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ അനുമതിയില്ലാതെ അർധരാത്രി സംസ്കരിക്കാൻ അനുമതി നൽകിയ ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കാത്തതിൽ അലഹബാദ് ഹൈകോടതി കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
ഇക്കാര്യത്തിൽ നവംബർ 25നകം തീരുമാനം അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹാഥറസ് യുവതിയുടെ കേസിൽ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസന്വേഷണത്തിെൻറ പുരോഗതി അടുത്ത തവണ അറിയിക്കാൻ ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് സി.ബി.െഎയോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിർദേശപ്രകാരം അലഹബാദ് ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് ഹാഥറസ് കേസ് അന്വേഷണം നടക്കുന്നത്. ബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ സെപ്റ്റംബർ 29ന് രാത്രിയിലാണ് ഡൽഹിയിലെ ആശുപത്രിയിൽ മരിക്കുന്നത്.
അന്നുതന്നെ അർധരാത്രിക്കു ശേഷം മൃതദേഹം അവരുടെ ഗ്രാമത്തിലെത്തിച്ച് രക്ഷിതാക്കളുടെ എതിർപ്പ് അവഗണിച്ച് സംസ്കരിക്കുകയായിരുന്നു. ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാറിെൻറ അനുമതിയോടെയാണ് മൃതദേഹം സംസ്കരിച്ചത്. പ്രവീൺ കുമാറിനെ തൽസ്ഥാനത്ത് നിലനിർത്തി അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് കോടതി നേരത്തേ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു.
എന്നാൽ, പ്രവീൺ കുമാറിനെ മാറ്റാൻ സർക്കാർ തയാറായില്ല. ഇതിൽ കടുത്ത ഉത്കണഠയാണ് കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
കേസ് അലംഭാവത്തോടെ കൈകാര്യം ചെയ്ത എസ്.പിയെ സർക്കാർ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.