ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേർപ്പെടുത്തുന്നത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈകോടതി. വിധവ പ്രാർഥിച്ചാൽ ക്ഷേത്രത്തിന് കളങ്കമുണ്ടാകുമെന്നാണ് ചിലരുടെ അഭിപ്രായം. പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.
ഈറോഡ് ജില്ലയിലെ നമ്പിയൂർ താലൂക്കിലെ പെരിയകാരുപരായൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ തനിക്കും മകനും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തങ്കമണി സമർപ്പിച്ച ഹരജിയിൻമേലാണ് കോടതിയുടെ നിരീക്ഷണം. ആഗസ്റ്റ് ഒമ്പതിനും 10നും ക്ഷേത്രത്തിൽ നടക്കുന്ന ഉൽസവത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് തങ്കമണിയുടെ ആവശ്യം. ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു സ്ത്രീയുടെ മരണപ്പെട്ട ഭർത്താവ്.
വിധവയായതിനാൽ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ തടയുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും ഹരജിയിൽ പറയുന്നുണ്ട്. ഇക്കാര്യം കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികരണം ലഭ്യമല്ലാത്തതിനാലാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. സ്ത്രീക്ക് ക്ഷേത്രസംരക്ഷണത്തിന് അവസരമൊരുക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.