ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി ടോൾ പിരിവ് ഏജൻസികൾക്ക് നിർദേശം നൽകിയത്.
'നിങ്ങൾ നല്ല റോഡുകൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ ടോൾ പിരിക്കരുത്. പൊട്ടിപ്പൊളിഞ്ഞ, കുഴികൾ നിറഞ്ഞ റോഡുകളിൽ നിങ്ങൾ ടോൾ പിരിച്ചാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള റോഡ് സൗകര്യം ഒരുക്കിവേണം ടോൾ പിരിക്കാൻ' -അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ ടോൾ നിരക്ക് ഈയിടെ വർധിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ വാക്കുകൾ.
അതേസമയം, ഉപഗ്രഹ സഹായത്തോടെ ജി.പി.എസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ടോൾ ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനത്തിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണ് കേന്ദ്ര സർക്കാർ. നിലവിലെ ഫാസ്ടാഗ് സംവിധാനത്തിന് പകരമായാണ് പുതിയ സംവിധാനം വരിക. ആദ്യം വാണിജ്യ വാഹനങ്ങളിൽ നടപ്പാക്കി പ്രായോഗികത ഉറപ്പുവരുത്തിയ ശേഷമാകും ഇത് സ്വകാര്യ വാഹനങ്ങൾക്ക് നടപ്പാക്കുക. ഈ സാമ്പത്തിക വർഷത്തിൽ 5000 കിലോമീറ്ററിലേറെ ദൂരത്തിൽ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.