ബംഗളൂരു: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കർണാടകയിലെ പി.യു കോളജുകളിൽ നിന്ന് പുറത്തായ വിദ്യാർഥിനികൾ ഇതുസംബന്ധിച്ച ഹരജിയിൽ ഹൈകോടതി വിധി വരുന്നതുവരെ പുറത്തുതുടരും. നിലവിലുള്ള യൂനിഫോം നിബന്ധന തുടരാൻ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ നടന്ന യോഗം നിർദേശിച്ചു.
ഹൈകോടതി വിധിക്കുശേഷം തുടർനടപടി സംബന്ധിച്ച് തീരുമാനിക്കും. കർണാടകയിലെ എല്ലാ പി.യു കോളജുകളിലും യൂനിഫോം നടപ്പാക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു സമിതിയെ നിയോഗിച്ചതായി നേരേത്ത അറിയിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ തൽസ്ഥിതി തുടരാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വകുപ്പ് നിർദേശവും നൽകിയിരുന്നു. ഹൈകോടതിയിൽ കേസ് നീണ്ടാൽ, ശിരോവസ്ത്രത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികൾ അനിശ്ചിതകാലത്തേക്ക് കോളജിനു പുറത്തിരിക്കേണ്ടിവരും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയമ, വിദ്യാഭ്യാസ പ്രതിനിധികൾ പങ്കെടുത്തു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരം സർക്കാർ നിലപാട് കോടതിയെ അറിയിക്കുമെന്നാണ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ശിരോവസ്ത്ര വിവാദം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയതിനു പിന്നിൽ രാജ്യത്തിനെതിരായ ചിലരുടെ പ്രൊപ്പഗണ്ടയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആരോപിച്ചു. ആരുടെയും സ്വകാര്യവും മതപരവുമായ കാര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിരോവസ്ത്രത്തിനെതിരെ പ്രതിഷേധവുമായി കാവി ഷാൾ ധരിച്ച് ചില വിദ്യാർഥികൾ കാമ്പസുകളിൽ വരുന്നത് സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.