കർണാടക സർക്കാറിന്റെ ഹിജാബ് വിലക്കിനെതിരായ

അപ്പീലിൽ ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ

അഫ്താബ് അലി ഖാൻ സുപ്രീംകോടതി വിധിക്കുശേഷം

മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിലക്കിൽ സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും ഭിന്നവിധികൾ പുറപ്പെടുവിച്ചു. ഇതോടെ കേസ് വിപുല ബെഞ്ചിന്.

ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈകോടതി വിധി ശരിവെച്ചപ്പോൾ കൂടെയുണ്ടായിരുന്ന ജസ്റ്റിസ് സുധാൻശു ധുലിയ ഹൈകോടതി വിധിയും വിവാദ ഉത്തരവും റദ്ദാക്കി.

ഇതോടെ ഉചിതമായ നടപടിക്ക് വിഷയം ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് മുമ്പാകെ വെക്കുകയാണെന്ന് തുടർന്ന് ഇരുവരും ഒരുമിച്ച് വിധിപ്രസ്താവത്തിൽ എഴുതി. കർണാടകയിലെ സർക്കാർ സ്കൂൾ യൂനിഫോമിൽ ഹിജാബ് വിലക്കി ഈ വർഷം ഫെബ്രുവരി അഞ്ചിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച മാർച്ച് 15ലെ ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരാണ് ഹരജികൾ സമർപ്പിച്ചത്.

കേസിൽ ആദ്യനാൾ തൊട്ട് ബെഞ്ചിൽ പ്രകടമായ അഭിപ്രായ ഭിന്നതയാണ് വിധിയിലും പ്രതിഫലിച്ചത്. ഹിജാബ് അവശ്യ മതാനുഷ്ഠാനമാണെന്ന് വിശ്വസിക്കുന്ന വിദ്യാർഥികൾ ഉണ്ടെങ്കിൽ തന്നെ ആ വിശ്വാസവും അതിന്റെ ചിഹ്നങ്ങളുമായി ഒരു മതേതര സ്കൂളിലേക്ക് പോകാനാകുമോ എന്നതാണ് തനിക്ക് മുന്നിലെ ചോദ്യം എന്ന് ഹിജാബ് വിലക്ക് ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി.

മതചിഹ്നങ്ങളണിഞ്ഞ് വിദ്യാർഥികൾ വരുന്നത് സ്കൂളുകളിലും കോളജുകളിലും ഐക്യത്തിനും ഏകതക്കും തടസ്സമാകുമെന്ന സർക്കാർ ഉത്തരവ് 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിനും ഇത് ആധാരമാക്കിയ 1995ലെ കർണാടക വിദ്യാഭ്യാസ സ്ഥാപനചട്ടങ്ങൾക്കും അനുസൃതമാണ്.

ഹിജാബ് ധരിക്കൽ മതാനുഷ്ഠാനമോ അവശ്യ മതാനുഷ്ഠാനമോ അതുമല്ലെങ്കിൽ ഇസ്‍ലാമിക വിശ്വാസമുള്ള സ്ത്രീകളുടെ സാമൂഹിക മര്യാദയുമാകാം. എന്നാൽ സർക്കാർ ഫണ്ടിൽ നടത്തുന്ന മതേതര സ്കൂളിൽ മതവിശ്വാസം കൊണ്ടുവരാനാവില്ല.

ഒരു പ്രത്യേക മതവിശ്വാസത്തിൽപെട്ടവരാണെന്ന് തിരിച്ചറിയുന്ന വിധത്തിൽ ഹിജാബ് ധരിക്കാനും തിലകം ചാർത്താനും അനുവാദമുള്ള ഒരു സ്കൂളിൽ ഇത് വിദ്യാർഥികളുടെ ഇഷ്ടമാണ്. എന്നാൽ സർക്കാർ ഫണ്ട് കൊണ്ട് നടത്തുന്ന സ്കൂളിൽ അത്തരം ചിഹ്നങ്ങൾ പാടില്ലെന്ന് നിർദേശിക്കാൻ ഭരണകൂടത്തിന് അധികാരമുണ്ട്.

അതിനാൽ സർക്കാർ ഉത്തരവിലൂടെ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താം -ജസ്റ്റിസ് ഗുപ്ത വിധിയിൽ വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത എഴുതിയ വിധിപ്രസ്താവം വായിച്ചശേഷം അതിന് നേർ വിപരീതവിധി എഴുതിയ ജസ്റ്റിസ് സുധാൻശു ധുലിയ, കർണാടകയിൽ സ്കൂളുകളിലും കോളജുകളിലും ഹിജാബിന് വിലക്കുണ്ടായിരിക്കില്ലെന്ന് വിധിച്ചു.

ഹൈകോടതി വിധിയും ഇതിനാധാരമായ സർക്കാർ ഉത്തരവും വിധിയിൽ റദ്ദാക്കി. സ്കൂൾ കവാടത്തിലേക്ക് പ്രവേശിക്കുമ്പോൾ പെൺകുട്ടികളോട് ശിരോവസ്ത്രം നീക്കാൻ പറയുന്നത് പ്രഥമമായി അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

അന്തസ്സിന് നേർക്കുള്ള ആക്രമണവുമാണ്. ഇത് അവർക്ക് മതേതര വിദ്യാഭ്യാസം നിഷേധിക്കലാണ്. ഭരണഘടനയുടെ 19(1)എ, 21, 25(1) അനുഛേദങ്ങളുടെ വ്യക്തമായ ലംഘനവുമാണ്.

ഒരു പെൺകുട്ടിക്ക് എങ്കിലും വിദ്യാഭ്യാസം നിഷേധിച്ചു എന്നതാണ് വിലക്കിന്റെ ആത്യന്തികഫലം. ഹിജാബ് ധരിക്കൽ ഭരണഘടന പ്രകാരം ഒരാളുടെ തെരഞ്ഞെടുപ്പിന്റെ ലളിതമായ വിഷയമാണെന്നും ധുലിയ വ്യക്തമാക്കി.

 ഹിജാബ് അവശ്യ മതാനുഷ്ഠാനമാണെന്ന് വിശ്വസിക്കുന്ന വിദ്യാർഥികൾ ഉണ്ടെങ്കിൽ തന്നെ ആ വിശ്വാസവും അതിന്റെ ചിഹ്നങ്ങളുമായി ഒരു മതേതര സ്കൂളിലേക്ക് പോകാനാകുമോ എന്നതാണ് എനിക്ക് മുന്നിലെ ചോദ്യം

-ജസ്റ്റിസ് ഹേമന്ത് ഗുപ്ത

സ്കൂൾ കവാടത്തിലേക്ക് പ്രവേശിക്കുമ്പോൾ പെൺകുട്ടികളോട് ശിരോവസ്ത്രം നീക്കം ചെയ്യാൻ പറയുന്നത് പ്രഥമമായി അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അവരുടെ അന്തസ്സിന് നേർക്കുള്ള ആക്രമണവുമാണ്

-ജസ്റ്റിസ് സുധാൻശു ധുലിയ 

Tags:    
News Summary - Hijab ban in Karnataka divided in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.