ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊൽക്കത്തയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
എൽ.ഐ.സിയുടെ 80,000 കോടി അദാനി കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ദേശീയ ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് എടുത്ത വായ്പകളുടെ 40 ശതമാനവും എസ്.ബി.ഐ വഴിയാണ്. കോടിക്കണക്കിന് ഇന്ത്യക്കാർ ഭാവി സുരക്ഷിതത്വത്തിനായി തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ചവ നിക്ഷേപിക്കുന്ന സ്ഥാപനങ്ങളാണ് എൽ.ഐ.സി, എസ്.ബി.ഐ എന്നിവ. നടക്കാനിരിക്കുന്ന ബജറ്റ് പാർലമെന്‍റ് സമ്മേളനത്തിൽ സി.പി.എം പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ച് വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുടങ്ങിയവക്കെതിരെ ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഫെഡറലിസം ഇല്ലാതാക്കാൽ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തകർക്കാനുള്ള നീക്കം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞെടുപ്പ് ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മാർച്ച് മാസത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
വലതുപക്ഷ ഇസ്രായേൽ സർക്കാറിന്‍റെ അടിച്ചമർത്തലിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യ കാമ്പയിനുകൾ സംഘടിപ്പിക്കാനും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ട യോഗത്തിൽ ത്രിപുര തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.