ബംഗളൂരു: ഹിന്ദി ദേശീയ ഭാഷയാണോ അല്ലയോ എന്ന വിഷയത്തിൽ വാദപ്രതിവാദങ്ങളുമായി കർണാടകയിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ. ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെയും അല്ലെന്നുള്ള കന്നട നടൻ കിച്ച സുദീപിന്‍റെയും വാദങ്ങളാണ് ചർച്ചയാവുന്നത്. അജയ് ദേവ്ഗണിന്‍റെ ട്വീറ്റിനെ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ രൂക്ഷ വിമർശവുമായി രംഗത്തെത്തി.
കേന്ദ്രസർക്കാർ ഹിന്ദി ദേശീയ ഭാഷയായി ഉയർത്തിക്കാണിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് കർണാടകയിലെ പ്രതിഷേധം. കന്നട ചിത്രം 'കെ.ജി.എഫ് രണ്ട് ' പ്രദർശനത്തിനെത്തിയ ആദ്യ ദിവസം തന്നെ 50 കോടി നേടിയതിന് പിറകെ ആരംഭിച്ച ബോളിവുഡ്- ദക്ഷിണേന്ത്യ സിനിമ മേഖലയിലെ തർക്കമാണിപ്പോൾ ഹിന്ദി വിവാദത്തിലെത്തിയത്. കെ.ജി.എഫിലൂടെ കന്നടയിൽനിന്ന് ഒരു പാൻ-ഇന്ത്യ സിനിമ ഉണ്ടായിരിക്കുകയാണെന്നും ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ലെന്നും എല്ലായിടത്തും കാണിക്കാവുന്ന സിനിമകളാണ് നമ്മൾ നിർമിക്കുന്നതെന്നുമായിരുന്നു കിച്ച സുദീപിന്‍റെ പ്രസ്താവന.
ഇതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് മറ്റു ഭാഷ ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് കാണിക്കുന്നതെന്നും ഹിന്ദി ദേശീയ ഭാഷയാണെന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു. എന്നാൽ, താൻ പറഞ്ഞത് ഹിന്ദിയെക്കുറിച്ച് അല്ലെന്നും ഹിന്ദിയിൽ അജയ് ദേവ്ഗൺ നടത്തിയ ട്വീറ്റിന് കന്നടയിൽ മറുപടി നൽകിയിരുന്നെങ്കിൽ അത് മനസ്സിലാകുമോയെന്നും കിച്ച സുദീപ് ട്വീറ്റ് ചെയ്തു.ഇതോടെ പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ എല്ലാ സിനിമകളും ഒരുപോലെയാണ് കാണുന്നതെന്നും പറഞ്ഞുകൊണ്ട് അജയ് ദേവ്ഗൺ വിവാദം അവസാനിപ്പിച്ചു. സുദീപ് പറഞ്ഞത് ശരിയാണെന്നും ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചപ്പോൾ മാതൃഭാഷയോ പ്രാദേശിക ഭാഷയോ ആണ് എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും വലുതെന്നും എല്ലാവരും അത് മനസ്സിലാക്കി ബഹുമാനിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഹിന്ദി ഒരിക്കലും ദേശീയ ഭാഷ ആയിരുന്നില്ലെന്നും ഇനിയൊരിക്കലും അങ്ങനെ ആകില്ലെന്നും രാജ്യത്തെ ഭാഷാപരമായ വൈവിധ്യം എല്ലാവരും ബഹുമാനിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. കന്നട, തെലുഗു, തമിഴ്, മലയാളം, മറാത്തി എന്നിവ പോലെ ഹിന്ദിയും ഒരു ഭാഷയാണെന്നും നിരവധി ഭാഷകളും സംസ്കാരവുമുള്ള ഇന്ത്യയെ ഇത്തരം നീക്കത്തിലൂടെ വേർതിരിക്കരുതെന്നും എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.