ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പേ ഹിന്ദി ഹൃദയഭൂമി ഉൾപ്പെടുന്ന കാവിരാഷ്ട്രീയ സ്വാധീന മേഖലകളിലെ വോട്ടർമാർ വർഗീയ ധ്രുവീകരണത്തിലേക്ക്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കു പിന്നാലെ വാരാണസി ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയതോടെയാണ് ഇത്.
ജാതി, ഉപജാതികൾക്ക് അതീതമായി ഭൂരിപക്ഷ സമുദായത്തിൽപെട്ടവരുടെ വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന് പ്രാണപ്രതിഷ്ഠക്കൊപ്പം ഗ്യാൻവാപി കേസിലെ കോടതി വിധികളും ആയുധമായി. പുരാവസ്തു ഗവേഷണ വകുപ്പിന്റെ വിവാദ സർവേ റിപ്പോർട്ടും, ഗ്യാൻവാപി പള്ളിയുടെ പൂട്ടിയിട്ട നിലവറ ഹൈന്ദവ പൂജക്ക് തുറന്നു കൊടുക്കാനുള്ള വാരാണസി കോടതി ഉത്തരവും ലോക്സഭ തെരഞ്ഞെടുപ്പു ഘട്ടത്തിൽതന്നെ ഉണ്ടായത് ശ്രദ്ധേയം.
ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന ആരാധനാലയ നിയമം അപ്രസക്തമാക്കി ബാബരി മസ്ജിദിനു സമാനമായ രീതിയിലാണ് ഗ്യാൻവാപി പള്ളിയുടെ കാര്യത്തിലും സംഭവഗതികൾ മുന്നോട്ടു നീങ്ങുന്നത്. സർവേക്കും പൂജ അനുവദിക്കുന്നതിനും ആരാധനാലയ നിയമം തടസ്സമല്ലെന്ന കോടതി നിലപാടാണ് നിലവിലെ സാഹചര്യങ്ങൾക്ക് നിമിത്തമായി മാറിയത്. വിശ്വാസത്തിനും ഐതിഹ്യത്തിനും രാജ്യത്തെ നിയമങ്ങൾക്കും ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിനും മേലെ സ്ഥാനം നൽകുന്ന സ്ഥിതിയാണ് ഗ്യാൻവാപി കേസിലും ഉണ്ടായിരിക്കുന്നത്.
പ്രാണപ്രതിഷ്ഠ നടന്നതിന്റെ ആവേശത്തോടെ കൂടുതൽ അവകാശവാദങ്ങളും പുതിയ നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുകയാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ. അയോധ്യയിൽ രാമക്ഷേത്രം ഉയരാൻ 2019ലെ സുപ്രീംകോടതിയുടെ ഒത്തുതീർപ്പ് വിധി വിയോജിപ്പോടെ തന്നെ ഏറ്റുവാങ്ങിയ ന്യൂനപക്ഷങ്ങൾ, പുതിയ അവകാശവാദങ്ങൾ അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടുമായി മേൽകോടതികളിലേക്ക് നീങ്ങുകയാണ്.
തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് അയോധ്യ, വാരാണസി വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന ഭരണാന്തരീക്ഷം പിൻബലമാക്കി ബി.ജെ.പിയും സംഘ്പരിവാർ ഗ്രൂപ്പുകളും ഉയർത്തിവിടുന്ന വിജയാരവം ബി.ജെ.പി ഭരിക്കുന്ന യു.പിക്കു പുറമെ ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഉന്മാദ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവർ ഏറെ.
മോദിസർക്കാറാകട്ടെ, അയോധ്യയിലെ പ്രാണപ്രതിഷ്ഠ അടക്കമുള്ള ഹിന്ദുത്വ വിഷയങ്ങൾ കൂടുതൽ ആവേശത്തോടെ ഉയർത്തുകയാണ്. രാമക്ഷേത്രം മോദിസർക്കാറിന്റെ ഭരണനേട്ടമായി രാഷ്ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തിൽതന്നെ ഉൾപ്പെടുത്തി. ഏക സിവിൽകോഡ്, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ കാര്യത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് വ്യക്തമായ ചില നടപടികൾക്കാണ് നീക്കം.
സ്വാതന്ത്ര്യ വേളയിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമെന്ന് വ്യാഖ്യാനിച്ച് മോദിസർക്കാർ പാർലമെന്റിൽ വെച്ച ചെങ്കോൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട് ലാക്കാക്കിയുള്ള പ്രതീകമാക്കി മാറ്റുകകൂടിയാണ് ബി.ജെ.പി. ബജറ്റ് സമ്മേളനത്തിൽ ചെങ്കോൽ വീണ്ടും പുറത്തെടുത്തത്, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.