ന്യൂഡൽഹി: ആഗ്രയിൽ റെയിൽവേ സ്റ്റേഷൻ വളപ്പിലെ ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ നോട്ടീസ് നൽകിയ റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ കൂട്ട ആത്മഹത്യ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ പ്രവർത്തകർ. രാജാ കി മണ്ടി റെയിൽവേ സ്റ്റേഷൻ വളപ്പിലെ ചാമുണ്ഡ ദേവി ക്ഷേത്രമാണ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റെയിൽവേ കഴിഞ്ഞദിവസം നോട്ടീസ് നൽകിയത്.
ക്ഷേത്രം കാരണം യാത്രക്കാർ പ്രയാസപ്പെടുകയാണെന്നും ഉടൻ മാറ്റി സ്ഥാപിക്കണം എന്നുമായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. ക്ഷേത്രം മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റെയിൽവേ ഒഴിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി വളപ്പിലെ മുസ്ലിം പള്ളിയും ദർഗയും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് ഇതിന്‍റെ ഭാരവാഹികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റങ് ദൾ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നോട്ടീസ് നൽകിയ നടപടിക്കെതിരെ നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷൻ ഡി.ആർ.എം ഓഫിസിനു മുന്നിൽ തീവ്ര ഹിന്ദുത്വ പ്രവർത്തകർ ഹനുമാൻ ചാലിസ ജപിച്ച് പ്രതിഷേധിച്ചു.
ക്ഷേത്രത്തിന് 300 വർഷം പഴക്കമുണ്ടെന്നും ക്ഷേത്രത്തിന്റെ ഒരു ഇഷ്ടിക പോലും ആർക്കും അനക്കാൻ കഴിയില്ലെന്നും അതിനുവേണ്ടി ജീവൻ നൽകുമെന്നും ഹിന്ദുത്വ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.