മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്സെയുടെയും കൂട്ടുപ്രതി നാനാ ആപ്തേയുടെയും പേരിൽ 'ഭാരത രത്ന' അവാർഡ് ഏർപ്പെടുത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്നലെയാണ് ഏഴ് ഹിന്ദുത്വവാദികൾക്ക് "പണ്ഡിറ്റ് നാഥുറാം ഗോഡ്‌സെ-നാനാ ആപ്‌തേ ഭാരതരത്‌ന" പുരസ്‌കാരം നൽകി ആദരിച്ചത്.
ഗാന്ധിയെ വധിച്ച ജനുവരി 30 ഹിന്ദു മഹാസഭ 'ശൗര്യ ദിവസ്' ആയാണ് ആചരിക്കുന്നത്. 'ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഇതാദ്യമായാണ് ഞങ്ങൾ ഈ അവാർഡ് നൽകുന്നത്' - അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അശോക് ശർമ്മ പറഞ്ഞു. മെഡലും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ജനുവരി 12ന് മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഹിന്ദുപുരോഹിതൻ കാളീചരൺ മഹാരാജാണ് അവാർഡ് ജേതാക്കളിൽ ഒരാൾ. 2019-ൽ മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത് പ്രതീകാത്മകമയി 'കൊലപ്പെടുത്തിയ' പൂജ ശകുൻ പാണ്ഡെയാണ് മറ്റൊരു അവാർഡ് ജേതാവ്.
'ഗോഡ്‌സെ ജീവൻ നൽകി സംരക്ഷിച്ച ദേശീയതയെ പ്രചരിപ്പിക്കാനുള്ള എന്‍റെ ദൃഢനിശ്ചയത്തിന് ഈ അവാർഡ് ശക്തി പകരു'മെന്ന് അവാർഡ് ജേതാക്കളിലൊരാളായ നിശാന്ത് ജിൻഡാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.