ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ. വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദൾ, സംസ്‌കൃതി ബച്ചാവോ മഞ്ച് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബി.ജെ.പി മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ്മയും ക്രിസ്ത്യാനികൾക്കെതിരെ രംഗത്തുവന്നു. സംസ്ഥാനത്ത് വൻതോതിൽ മതപരിവർത്തനം നടക്കുന്നതായി ശർമ ആരോപിച്ചു.
ശിവനഗർ പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാരുമായി ബന്ധമുള്ളവർ നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നാണ് സംഘ്പരിവാർ ആരോപണം. യേശുവിനോട് പ്രാർഥിക്കാൻ ഹിന്ദുക്കളെ നിർബന്ധിക്കുന്നതിനിടയിൽ ക്രിസ്ത്യൻ മിഷനറിമാരെ കൈയോടെ പിടികൂടിയതായും ഇവർ അവകാശപ്പെട്ടു.
പൊലീസിൽ പരാതി നൽകുകയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഇവർ മാധ്യമങ്ങളോട് പറഞ്ഞു. മതപരിവർത്തനത്തിനെതിരെ ഞായറാഴ്ചയാണ് ശിവനഗറിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രദേശത്തെ ക്രിസ്ത്യൻ പുരോഹിതർ എല്ലാ ഞായറാഴ്ചയും ഹിന്ദുക്കളെ മതം മാറ്റുന്ന പരിപാടി നടത്തുകയാണെന്നും ഒരു മാസമായി ഇത് തുടരുകയാണെന്നുമാണ് ഇവരുടെ ആരോപണം. ഹിന്ദുക്കളെ പ്രലോഭിപ്പിച്ചാണ് മതം മാറ്റുന്നതെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ, ക്രിസ്ത്യൻ പുരോഹിതരും പുതുതായി വിശ്വാസം സ്വീകരിച്ചവരും ഈ ആരോപണം പൂർണമായും നിഷേധിച്ചു. മതം മാറാൻ ആരും തങ്ങളെ നിർബന്ധിച്ചിട്ടില്ലെന്നും സ്വമേധയാ എടുത്ത തീരുമാനമാണെന്നും ഇവർ പറഞ്ഞു.
ബജ്റംഗ്ദൾ പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 20 ഓളം വരെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ ചോദ്യം ചെയ്യുമെന്നും ഭോപ്പാൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സിഎസ് പാണ്ഡെ പറഞ്ഞു. ഇരുവിഭാഗവും പറയുന്നത് കേട്ട ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, ഇത് ആദ്യ സംഭവമല്ലെന്നും ബേതുൽ, രത്‌ലം ജില്ലകളിലും സമാനമായ കേസുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ്മ പറഞ്ഞു. 'സംസ്ഥാനത്ത് മതപരിവർത്തനത്തിന്റെ വലിയ കളിയാണ് നടക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. മധ്യപ്രദേശിൽ നീതി നടപ്പാക്കുമ്പോൾ അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല' -ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.