എച്ച്.എം.പി.വി വൈറസ് പുതിയതല്ല; ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് എച്ച്.എം.പി.വി വൈറസ് കേസുകൾ സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഇത് പുതിയ വൈറസല്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ അഞ്ച് എച്ച്.എം.പി.വി വൈറസ് കേസുകളാണ് കണ്ടെത്തിയത്.

ബംഗളൂരുവിലും ചെന്നൈയിലും രണ്ടുവീതവും അഹ്മദാബാദിൽ ഒരുകേസും. ബംഗളൂരു ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനും ചികിത്സ പൂർത്തിയാക്കി മടങ്ങിയ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലും അഹ്മദാബാദിലും കുട്ടികൾക്കുതന്നെയാണ് വൈറസ് ബാധ. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പൊതു സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു. ‘എച്ച്.എം.പി.വി വൈറസ് പുതിയതല്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001ലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. വർഷങ്ങളായി ലോകത്തുടനീളം ഈ വൈറസുണ്ട്. വായുവിലൂടെയാണ് വൈറസ് പകരുന്നത്. എല്ലാ പ്രായക്കാരെയും വൈറസ് ബാധിക്കും. വൈറസ് വ്യാപനം കൂടുതലും ശൈത്യകാലത്താണ്’ -മന്ത്രി പറഞ്ഞു.

ചൈനയിലെ എച്ച്.എം.പി.വി വൈറസ് വ്യാപനം ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണ് എച്ച്.എം.പി.വി. സാധാരണ പനി പോലെ അനുഭവപ്പെടുന്ന വൈറസ് ബാധ രോഗ പ്രതിരോധശേഷിയുള്ളവരിൽ ബ്രോൈങ്കറ്റിസ്, ന്യൂമോണിയ എന്നിവയിലേക്ക് നയിക്കും. കുട്ടികളിലും വയോധികരിലുമാണ് രോഗബാധ തീവ്രമായി കണ്ടുവരുന്നത്.

ചെന്നൈ തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിയത്. പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുട്ടികൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എച്ച്.എം.പി.വി വൈറസ്

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.

ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുക. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകും.

വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Tags:    
News Summary - HMPV virus not new, no reason to worry -Health minister JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.