ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഇന്ന് ഹോളി ആഘോഷങ്ങൾ അരങ്ങേറും. വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയുമെല്ലാം ആളുകൾ ഹോളി ആഘോഷിക്കും. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ എതിരേൽക്കൽ കൂടിയാണ്. അതിനാൽ തന്നെ ജാതി മത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷിക്കുന്നു.
എത്ര ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ആഘോഷത്തിന്റെ ഭാഗമാണ്.
നിറങ്ങളും വെള്ളം ചീറ്റുന്ന കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മധുര പലഹാരങ്ങളുമെല്ലാമായി ഹോളി വിപണിയും സജീവം. തിന്മയുടെ മേൽ നന്മ നേടിയ വിജയവുമായി ബന്ധപ്പെട്ട് ഹോളിഗ ദഹൻ ഇന്നലെ നടന്നു. ഇന്ന് ധുലന്ദി ഹോളിയാണ്. പകലന്തിയോളം അഘോഷിച്ച് വരും കാല സന്തോഷ - സമൃദ്ധികൾക്കായി എല്ലാവരും പ്രാർത്ഥിക്കുന്നു. അതേസമയം, ഹോളിയോടനുബന്ധിച്ച് മസ്ജിദുകൾക്ക് നേർക്ക് ആക്രമണ സാധ്യതയുള്ളതിനാൽ പൊലീസിന്റെ നിർദേശപ്രകാരം ചിലയിടങ്ങളിൽ പള്ളികൾ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മറച്ചു. മസ്ജിദുകൾക്കുമേൽ നിറങ്ങൾക്കൊപ്പം മാലിന്യങ്ങളും വലിച്ചെറിയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.