ഹൈദരാബാദ്: നടനും രാഷ്ട്രീയക്കാരനുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത ഹൈദരാബാദിലെ കമീനേനി ആശുപത്രിയിലെ നാല് ജീവനക്കാരെ പുറത്താക്കി. ജീവനക്കാരുടെ പെരുമാറ്റത്തിൽ ആശുപത്രി അധികൃതർ മാപ്പു പറഞ്ഞു.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി സ്ഥാപകനുമായ എൻ.ടി രാമറാവുവിൻെറ മകനാണ് നന്ദമൂരി ഹരികൃഷ്ണ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ അണ്ണാപതി റോഡിലുണ്ടായ അപകടത്തെത്തുടർന്നാണ് ഹരികൃഷ്ണയെ കമീനേനി ആശുപത്രിയിൽ എത്തിച്ചത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഹൈദരാബാദിൽ നിന്ന് അദ്ദേഹം പുലർച്ചെ യാത്ര തിരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിലിടിച്ചായിരുന്നു അപകടം.
ഗുരുതര പരിക്കുകളോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിൻറെ മരണം സ്ഥിരീകരിച്ച ശേഷമാണ് ജീവനക്കാർ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്തത്. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക വിമർശനം ഉയർത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.