ന്യൂഡൽഹി: മാവോവാദി ബന്ധം ആരോപിച്ച് അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റു ചെയ്തതിനെതിരായ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസത്തെ ഇടക്കാല ഉത്തരവു പ്രകാരമുള്ള ഇവരുടെ വീട്ടുതടങ്കൽ 17വരെ തുടരും. തെലുഗു കവി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ്, വെർനൻ ഗോൺസാൽവസ്, അരുൺ ഫെരേറ, ഗൗതം നവലഖ എന്നിവരാണ് ആഗസ്റ്റ് 28ലെ അറസ്റ്റിനെ തുടർന്ന് വീട്ടുതടങ്കലിൽ കഴിയുന്നത്. ഇവരെ കസ്റ്റിഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം തള്ളിയാണ് സുപ്രീംകോടതി വീട്ടുതടങ്കലിലേക്ക് മാറ്റിയത്.
കക്ഷികൾക്ക് കൂടുതൽ രേഖകൾ സമർപ്പിക്കുന്നതിനാണ് കേസ് 17ലേക്ക് മാറ്റിയത്. പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പറും മറ്റു നാലു പേരുമാണ് അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഭീമ-കൊറെഗാവ് അതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങിനെ മൂന്നാംകിട ക്രിമിനലിനെപ്പോലെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്ന് ഭാര്യ മിനാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയിൽ പറഞ്ഞു. കാൽ നൂറ്റാണ്ടിെൻറ അഭിഭാഷക പരിചയമുള്ള അദ്ദേഹത്തെ സ്വന്തം കേസ് വാദിക്കാൻപോലും സമ്മതിച്ചില്ല. ഡൽഹി യൂനിവേഴ്സിറ്റി പ്രഫസറും മനുഷ്യാവകാശ പോരാളിയുമായ ജി.എൻ. സായിബാബക്കുവേണ്ടി ഹാജരായതിെൻറ പേരിലാണ് ഇൗ പെരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗ്പുർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഷോമ സെൻ, സുരേന്ദ്ര ഗാഡ്ലിങ്, സുധീർ ധവാലെ, മഹേഷ് റാവത്ത്, റോണ വിൽസൺ എന്നിവരെ ജൂൺ ആറിനാണ് അറസ്റ്റു ചെയ്തത്. സമൂഹത്തിൽ മാന്യമായ പദവി വഹിക്കുന്നവരെയും അനീതികൾക്കെതിരെ പോരാടുന്നവരെയും ആസൂത്രിതമായി കുരുക്കുകയാണ് ചെയ്യുന്നതെന്ന് ആനന്ദ് ഗ്രോവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.