'നാല് ആട് മാത്രമുണ്ടെന്ന് പറഞ്ഞയാൾക്ക് അഞ്ച് ലക്ഷം രൂപയുടെ വാച്ച് എവിടെന്ന്?' തമിഴ്നാട് ബി.ജെ.പി പ്രസിഡന്റിനെ പരിഹസിച്ച് ഡി.എം.കെ മന്ത്രി

ചെന്നൈ: ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സെന്തില്‍ ബാലാജി. അഞ്ച് ലക്ഷം രൂപ വില വരുന്നതാണ് വാച്ച് എന്നും ഇത്രയധികം വിലയുള്ള വാച്ച് അണ്ണാമലൈയ്ക്ക് എങ്ങനെ ലഭിച്ചുവെന്നുമാണ് സെന്തില്‍ ചോദിക്കുന്നത്. വിലകൂടിയ റാഫേല്‍ റിസ്റ്റ് വാച്ചാണ് അണ്ണാമലൈ ധരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

നേരത്തേ, നാല് ആടുകൾ മാത്രമാണ് തന്റെ ഏക സമ്പാദ്യമെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഇതിനേയും മന്ത്രി ചോദ്യം ചെയ്തു. നാല് ആടുകള്‍ മാത്രമാണ് തന്റെ ആകെ സമ്പാദ്യം എന്ന് പറഞ്ഞയാള്‍ക്ക് എങ്ങനെയാണ് ഇത്രയധികം വിലയുള്ള വാച്ച് വാങ്ങാന്‍ കഴിഞ്ഞതെന്ന് മന്ത്രി ചോദിച്ചു. ദേശീയത മുറുകെപ്പിടിക്കുന്നുവെന്ന് പറയുന്നയാളാണ് അണ്ണാമലൈ എന്നും എന്നാല്‍ വാച്ചിന്റെ കാര്യത്തില്‍ അദ്ദേഹം അത് പാലിക്കുന്നില്ലെന്നും സെന്തില്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്നതാണ് ഈ വാച്ച് എന്ന കാര്യം അണ്ണാമലൈ മറന്നുപോയോ എന്നും സെന്തില്‍ ചോദിച്ചു. തുടർന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി അണ്ണാമലൈ രംഗത്ത് എത്തി. വാച്ചിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വാച്ചിന്റെ വിലയടങ്ങിയ രസീതും വേണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങള്‍ വരെ പരസ്യമാക്കാന്‍ തയ്യാറാണെന്നും അണ്ണാമലൈ പറഞ്ഞു.

'ഇന്ത്യ റാഫേല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കാലത്ത് നിർമിച്ചതാണ് ഈ വാച്ചുകള്‍. ഇവയ്ക്ക് 3.5 ലക്ഷം രൂപയാണ് വില. റാഫേല്‍ വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു ദേശീയവാദി എന്ന നിലയില്‍ ഞാന്‍ റാഫേല്‍ വാച്ച് ധരിക്കുന്നു'-അണ്ണാമലൈ പറഞ്ഞു.

താന്‍ ഈ വാച്ച് വാങ്ങിയത് 2021ലാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുന്നതിന് മുമ്പാണ് താന്‍ വാച്ച് വാങ്ങിയതെന്നും അദ്ദേഹം പറയുന്നു.താനൊരു ദേശീയവാദി തന്നെയാണെന്നും ജീവനുള്ളിടത്തോളം കാലം ഈ വാച്ച് ധരിച്ച് തന്നെ പൊതുയിടങ്ങളില്‍ എത്തുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - How can a man who owns only 4 goats wear a Rs 5 lakh watch: DMK attacks Annamalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.