ന്യൂഡൽഹി: 2012ലെ ഗണപതി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനകളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ ഇസ്‌ലാമിക മതപ്രഭാഷകൻ സാകിർ നായിക് സമർപ്പിച്ച ഹർജിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒരാൾക്ക് എങ്ങനെയാണ് ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം ഇത്തരമൊരു ഹരജി ഫയൽ ചെയ്യാൻ സാധിക്കുകയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ചോദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഹ്‌സനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് തുഷാർ മേത്ത ഹാജരായത്.
അതിനാൽ ഹരജി പിൻവലിക്കുമെന്നാണ് സാകിർ നായിക്കിന്റെ അഭിഭാഷകൻ അറിയിച്ചതെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഹരജി പിൻവലിക്കണമെന്ന തരത്തിലുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തുടനീളം രജിസ്റ്റർ 43 കേസുകൾ ഒരുമിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചതെന്നും സാകിർ നായിക്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
തന്റെ കക്ഷിക്കെതിരെ ആറ് എഫ്.ഐ.ആർ കൂടി പെൻഡിങ്ങുണ്ടെന്നും അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ട ശേഷം കേസുമായി മുന്നോട്ടുപോകുന്നോ അതോ പിൻവലിക്കുകയാണോ എന്നത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി സാകിർ നായിക്കിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 23ലേക്ക് മാറ്റി വെച്ചു.
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വിദേശത്ത് കഴിയുന്ന സാകിർ നായിക്കിനെതിരെ എൻ.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. മുംബൈ സ്വദേശിയായ സാകിർ നായിക് 2016 ജൂലൈ ഒന്നിനാണ് രാജ്യം വിട്ടത്. പിന്നീട് മലേഷ്യയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.