ന്യൂഡൽഹി: വിരമിച്ച ശേഷം എന്തു കിട്ടുമെന്ന് ആശങ്കയുള്ള ജഡ്ജിമാർ എങ്ങനെയാകും ജോലിചെയ്യുകയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയെയും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെയും വേദിയിലിരുത്തി രാജ്യത്തെ സംഘർഷാവസ്ഥക്കും നീതിന്യായ വ്യവസ്ഥക്കുമെതിരെ ഗെഹ്ലോട്ട് ആഞ്ഞടിച്ചു. രാജ്യസഭാംഗമായ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ പേരെടുത്ത് പറഞ്ഞ് വിരമിച്ച ശേഷം എന്താകുമെന്ന ആശങ്ക ജഡ്ജിമാരുടെ കോടതികളിലെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ജയ്പുരിൽ ഓൾ ഇന്ത്യ ലീഗൽ സർവിസ് അതോറിറ്റി മീറ്റിൽ ഗെഹ്ലോട്ട് തുറന്നടിച്ചു.
'നിങ്ങളാലോചിക്കണം. നാല് സുപ്രീംകോടതി ജഡ്ജിമാരാണ് ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞിരുന്നത്. ഇത് പറഞ്ഞവരിൽ ഒരാൾ റിട്ട. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആയിരുന്നു. എന്നിട്ട് അദ്ദേഹം രാജ്യസഭാംഗവുമായി. സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്ന സമയത്തും ഇപ്പോഴും ഗൊഗോയി ശരിയായ അവസ്ഥയിലല്ലേ എന്ന് രാഷ്ട്രപതിയോട് ഞാൻ ചോദിച്ചു. എനിക്ക് ഇത് മനസ്സിലാകുന്നില്ലായിരുന്നു. വിരമിച്ച ശേഷം എന്തുകിട്ടും എന്ന് ആശങ്കയുള്ള ഒരാൾ എങ്ങനെയായിരിക്കും യഥാർഥത്തിൽ ജഡ്ജിയുടെ ജോലി ചെയ്തിട്ടുണ്ടാകുക?'- ഗെഹ്ലോട്ട് ചോദിച്ചു.
രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണ്. ഗോവ, മണിപ്പൂർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര... ഈ തമാശ തുടർന്നുകൊണ്ടിരിക്കുമ്പോൾ എവിടെയാണ് ജനാധിപത്യം? തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ കുതിരക്കച്ചവടത്തിലൂടെ എടുത്തെറിയപ്പെടുമ്പോൾ എവിടെയാണ് ജനാധിപത്യം? എന്റെ സർക്കാർ രക്ഷപ്പെട്ടതെങ്ങിനെയെന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങൾക്ക് മുന്നിൽ ഇന്ന് വന്ന് നിൽക്കാൻ കഴിയുമായിരുന്നില്ല. മറ്റൊരു മുഖ്യമന്ത്രിയെ കാണേണ്ടി വരുമായിരുന്നു -ഗെഹ്ലോട്ട് പറഞ്ഞു.
അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണം എന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ജനങ്ങൾ മോദിയെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തിന് വോട്ടുചെയ്യുന്നത്. ആ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഐക്യവും സാഹോദര്യവും നിലനിർത്തണം എന്ന് പറയേണ്ടതില്ലേ? അക്രമം ഏത് നിലക്കും സ്വീകാര്യമല്ല എന്ന് അദ്ദേഹം പറയണം. നിയമമന്ത്രിക്ക് ഇക്കാര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് താൻ കരുതുന്നതെന്ന് കിരൺ റിജിജുവിനെ നോക്കി ഗെഹ്ലോട്ട് പറഞ്ഞു. ഞങ്ങൾ പറയുന്നത് പ്രധാനമന്ത്രി കേൾക്കുന്നില്ല. സംഘർഷമുണ്ടാക്കുന്ന സാഹചര്യമാണിന്ന്. ജനാധിപത്യം സഹിഷ്ണുതയിൽ അധിഷ്ഠിതമാണ് -അദ്ദേഹം അഭിപ്രായപ്പെട്ടു
നൂപുർ ശർമ കേസിലെ നിരീക്ഷണങ്ങൾക്ക് സുപ്രീംകോടതി ജഡ്ജിമാരെ ലക്ഷ്യമിട്ടതിനെയും ഗെഹ്ലോട്ട് വിമർശിച്ചു. ജസ്റ്റിസുമാരായ പർദിവാലയും സൂര്യകാന്തും ചില കാര്യങ്ങൾ പറഞ്ഞു. എന്നാൽ, മുൻ ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരും ഉദ്യോഗസ്ഥരും അടക്കം 116 പേർ അവർക്കെതിരെ രംഗത്തുവന്നു. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണോ അതാണ് ആ രണ്ട് ജഡ്ജിമാർ പറഞ്ഞത്. എന്നിട്ടും ഈയൊരു അന്തരീക്ഷം സൃഷ്ടിച്ച് ഇങ്ങനെ ഒന്നുണ്ടാക്കി ഇതൊരു വിഷയമാക്കിയതെങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.